പരവൂർ : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച പരവൂർ നഗരസഭാ കൗൺസിലറെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.
പരവൂർ നഗരസഭയിലെ കോൺഗ്രസ് അംഗമായ കൗൺസിലർ പരവൂർ പെരുമ്പുഴ കുറുമണ്ടൽ കടയിൽ കുന്നുംപുറം വീട്ടിൽ വിജയ് (32) യാണ് പിടിയിലായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ വിജയ് ദുബായിയിലേയ്ക്ക് മുങ്ങിയിരുന്നു.
ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയാണ് പരാതിക്കാരി. കൗൺസിലർ എന്ന പദവി ഉപയോഗിച്ച് യുവതിയുമായി അടുപ്പത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്നാണ് പരാതി.
വിവാഹം കഴിക്കണമെന്ന യുവതി നിർബന്ധിച്ചപ്പോൾ വിജയ് അതിൽ നിന്നൊഴിഞ്ഞുമാറുകയായിരുന്നു. വിജയ് പൂർണമായും ഉപേക്ഷിച്ചുവെന്ന് ഉറപ്പായതോടെ യുവതി പരവൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയായിരുന്നു.
കഴിഞ്ഞ 23 – ന് പരവൂർ പോലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തു. കേസെടുത്തത് അറിഞ്ഞതോടെ വിജയ് മുങ്ങുകയായിരുന്നു. ചാത്തന്നൂർ എസി പി ബി.ഗോപകുമാർ അന്വേഷണം ഏറ്റെടുക്കുകയും ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ വിജയിനെ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.
പരവൂർ എസ് എച്ച് ഒ നിസാർ ,എസ് ഐ സുജിത് നായർ, സി പി ഒ മാരായ അജേഷ്, മനോജ്, സലാവുദീൻ, ലിജു എന്നിവരടങ്ങിയ സംഘമാണ് വിജയിനെ അറസ്റ്റ് ചെയ്തത്.