തൃശൂർ: നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രതികളിൽ ഒരാൾ കത്തിക്കുത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജതമാക്കി. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് ഇന്നലെ രാത്രി കുത്തേറ്റു മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ദിവാൻജിമൂല പാസ്പോർട്ട് ഓഫീസിന് സമീപത്ത് വച്ചായിരുന്നു വാക്കുതർക്കവും കത്തിക്കുത്തും. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടിപിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല.
ശ്രീരാഗും സഹോദരങ്ങളും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഇവരെ തടഞ്ഞുനിർത്തി ഇവരുടെ കൈയിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി.
പണം തപ്പി കവറിലെ സാധനങ്ങൾ മുഴുവൻ പുറത്തേക്കിട്ട് പണമില്ലെന്ന് കണ്ടതോടെ ശ്രീരാഗിനോട് പൊയ്ക്കോളാൻ പറഞ്ഞു. ഇതിനിടെ കവറിൽനിന്നു പുറത്തേക്കിട്ട സാധനങ്ങൾ തിരിച്ചിടാൻ ശ്രീരാഗും കൂട്ടരും പറഞ്ഞതോടെയാണ് വാക്കു തർക്കം ഉണ്ടായതും കത്തിക്കുത്തിൽ കലാശിച്ചതുമെന്നാണ് വിവരം. ശ്രീരാഗിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തിയ അൽത്താഫിനും സംഘട്ടനത്തിൽ പരിക്കേറ്റു. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. പരിക്കേറ്റവരിൽ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.