ഏറ്റുമാനൂർ: കാപ്പ നിയമം ലംഘിച്ച പ്രതിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി കൊച്ചുപുരക്കൽ വീട്ടിൽ ആൽബിൻ കെ. ബോബനെ(28)യാണ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽനിന്ന് ഇയാളെ നാടുകടത്തിയിരുന്നു.
എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍നിന്ന് പോലീസ് പിടികൂടിയത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസ്, സിപിഓമാരായ സജി പി,സി, ഡെന്നി പി. ജോയ്, അനീഷ് വി.കെ, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.