നെടുമ്പാശേരി: ദുബായിയിൽനിന്നും സ്വർണവുമായി എത്തിയ ആളെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. വിദേശത്തുനിന്ന് സ്വർണം ഒളിച്ചു കടത്തിക്കൊണ്ടുവരുന്നവരെ എയർപ്പോർട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വർണം കവർച്ച ചെയ്യുന്ന സംഘമാണ് പിടിയിലായത്.
കണ്ണൂർ ഇരിട്ടി തില്ലങ്കരി കാവുംപടി ഷാനാമൻസിലിൽ ഷഹീദ് (24), തലശേരി മങ്ങാട്ടിടം നിർമലഗിരി ഭാഗത്ത് ധ്വനി വീട്ടിൽ സ്വരലാൽ (36), തലശേരി മങ്ങാട്ടിടം നിർമലഗിരി ഭാഗത്ത് നിബാ മൻസിലിൽ അനീസ് (34), ഇരിട്ടി തില്ലങ്കരി കുണ്ടേരിഞ്ഞാൻ സുജി (33), ഇരിട്ടി തില്ലങ്കരി പഴയപുരയിൽ രജിൽരാജ് (30), ഇരിട്ടി മുഴക്കുന്ന് പാലപ്പുഴ കുറുക്കൻപറമ്പിൽ ശ്രീകാന്ത് (32), ഇരിട്ടി തില്ലങ്കരി ഉളിയിൽ തറക്കണ്ടി സവാദ് (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതകളെ അങ്കമാലി മജിസട്രേറ്റ് കോടതിയൽ ഹാജരാക്കി ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഗുരുവായൂർ സ്വദേശി നിയാസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്യാപ്സ്യൂൾ രൂപത്തിലുള്ള സ്വർണം കവർന്നത്. തുടർന്ന് ആലുവയിൽ നിയാസിനെ ഉപേക്ഷിച്ച് സംഘം കടന്നു.
വിദേശത്തുനിന്ന് സ്വർണം ഒളിച്ചു കടത്തിക്കൊണ്ടുവരുന്നവരെ എയർപ്പോർട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വർണം കവർച്ച ചെയ്യുന്ന സംഘത്തെയാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് ടീം തന്ത്രപരമായി പിടികൂടിയത്.
അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ എക്സ്പ്ലോസീവ് ആൻഡ് ആംസ് ആക്ട് അടക്കമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളാണ്. രജിൽ രാജ് മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ ഷുഹൈബ് വധക്കേസിലും, മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ വിനീഷ് വധക്കേസിലും പ്രതിയാണ്.
തട്ടിക്കൊണ്ടുപോകാനുപയോഗിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി എ. പ്രസാദ്, സിഐ ബേസിൽ തോമസ്, എസ്ഐമാരായ എൽദോ പോൾ, എസ്. രാജേഷ്കുമാർ, എഎസ്ഐ എം.സി. പ്രസാദ്, സിപിഒമാരായ റോണി അഗസ്റ്റിൻ, സജീവ് ചന്ദ്രൻ, അരുൺ രവികുമാർ, ശ്രീജു രാജൻ, ജെസിൻ ജോയി എന്നിവരാണ് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.