കൊച്ചി: എറണാകുളം കതൃക്കടവില്‍ ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പാറക്കടവ് സ്വദേശി കോമ്പാറ വിനീത് എന്ന വിനീത് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ഒന്നര ആഴ്ചയായി പോലീസിന്റെ ഉറക്കം കെടുത്തിയ പ്രതിയെ ഇന്നു പുലര്‍ച്ചെ എറണാകുളം ജില്ലയിലെ തന്നെ ഒളി സങ്കേതത്തില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
വെടിവയ്ക്കുന്നതിനായി വിനീത് ഉപയോഗിച്ച 7.62 എംഎം റിവോള്‍വര്‍ ആരുടേതാണ്, അതിന് ലൈസന്‍സ് ഉണ്ടോ, മറ്റെന്തെങ്കിലും ക്വട്ടേഷന്റെ ഭാഗമായാണോ സംഘം കൊച്ചി നഗരത്തില്‍ എത്തിയത്, സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും പ്രതിയില്‍നിന്ന് തേടുന്നത്. ഉച്ചയോടെ പ്രതിയെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിക്കും. അതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിനീതിനെതിരേ വധശ്രമത്തിന് രണ്ടു കേസുകള്‍ നിലവിലുണ്ട്. കഞ്ചാവ് കേസിലും പ്രതിയാണ്. പോലീസുകാരെ ആക്രമിച്ചതിനും ഹോട്ടല്‍ തല്ലിത്തകര്‍ത്തതിനും മറ്റൊരു കേസുമുണ്ട്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ വിനീതിനെ കണ്ടെത്തുന്നതിനായി പോലീസ് സോഷ്യല്‍ മീഡിയയില്‍ അടക്കം അറിയിപ്പുകള് നല്‍കിയിരുന്നു. ഇയാള്‍ എറണാകുളം ജില്ല വിട്ടു പോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയായിരുന്നു അന്വേഷണ സംഘം. ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നത് അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വിനീതിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉള്‍പ്പെടെ നിരവധിപേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തിരുന്നു.
കേസിലെ രണ്ടും മൂന്നും നാലും പ്രതികളായ ഇടപ്പള്ളി ബിടിഎസ് റോഡ് എസ്എംടി വിലാസില്‍ വിജയ് (32), തായ്ക്കാട്ടുകര പൊയ്യേക്കര പി.എ. ഷെമീര്‍ (32), കളമശേരി എച്ച്എംടി ജംഗ്ഷന് മൂലേപ്പാടം റോഡ് വെച്ചൂപടിഞ്ഞാറേതില്‍ വീട്ടില്‍ ദില്ഷന് (34) എന്നിവരെ തുടക്കത്തില്‍ തന്നെയും അഞ്ചാം പ്രതി കഴിഞ്ഞ ദിവസവും അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കുന്നതിനും തെളിവു നശിപ്പിക്കുന്നതിനും സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്കിയവരെയും പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. കേസില്‍ നിലവില്‍ 13 പേരാണ് അറസ്റ്റിലായത്.
അഞ്ചംഗ അക്രമി സംഘം സഞ്ചരിച്ചിരുന്ന കെഎല്‍ 51 ബി 2194 നമ്പര്‍ ഫോര്‍ഡ് ഫിഗോ കാര്‍ സംഭവത്തിനുശേഷം മൂവാറ്റുപുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിലെ റെന്റ് എ കാര്‍ സ്ഥാപനത്തിലേതായിരുന്നു ഈ വാഹനം.
കഴിഞ്ഞ 11 ന് രാത്രി 11.30-ന് ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവയ്പ്പില്‍ ബാര്‍ മാനേജര്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജിതിന് ജോര്‍ജ് (25), ബാര്‍ ജീവനക്കാരും എറണാകുളം സ്വദേശികളുമായ സുജിന്‍ ജോണ്‍(30), ചേര്‍ത്തല സ്വദേശി അഖില്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡിസിപി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ എസിപി വി.കെ. രാജുവിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്, എസ്ഐമാരായ ടി.എസ്. രതീഷ്, എന്‍. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.