കാട്ടാക്കട : കോട്ടൂരിൽ പോലീസിനെ ആക്രമിച്ച കേസിൽ പതിനൊന്നു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൂരിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെ പെട്രോൾ ബോംബ് എറിയുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ അമനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനത്തിലെ ഒളിതാവളങ്ങളിൽ നിന്ന് മറ്റുപ്രതികൾ അറസ്റ്റിലായത്.
ഉഴമലയ്ക്കൽ പുതുകുളങ്ങര പള്ളിവിള ഷാഹിദാ മൻസിലിൽ ആസിഫ്( 25 ) പൂവച്ചൽ കൊണ്ണിയൂർ ഫാത്തിമാമൻസിലിൽ വസ്സീം( 22), അരുവിക്കര അഴിക്കോട് ഫാത്തിമാലാന്റിൽ വാടകയ്ക്ക് താമസിക്കുന്ന ആഷിഖ് ( 19 ), അരുവിക്കര മുണ്ടേല കൊക്കോതമംഗലം കുഴിവിള വീട്ടിൽ സിബി വിജയൻ ( 22), വീരണകാവ് ഏഴാംമൂഴി രഞ്ചുനിവാസിൽ രഞ്ജിത്ത്( 22), വീരണകാവ് മുള്ളുപാറയ്ക്കൽ വീട്ടിൽ അഭിജിത്ത് ( 22), അമ്പൂരി തേക്കുപാറ വെള്ളരിക്കുന്ന് രതീഷ് ഭവനിൽ രതീഷ് ( 22), അമ്പൂരി കുടപ്പനമൂട് ചപ്പാത്തിൻകര റോഡരികത്ത് വീട്ടിൽ അനു( 31), കാട്ടാക്കട ആമച്ചൽ കുച്ചപ്പുറം സിഎസ്ഐ പള്ളിക്ക് സമീപം ചരുവിളാത്ത് വീട്ടിൽ ശരത് ( ശംഭു, 23), കോട്ടൂർ വ്ളാവെട്ടി നെല്ലികുന്ന് കോളനിയിൽ അജിത്ത് ( 23), പൂവച്ചൽ പന്നിയോട് കുന്നിൽ വീട്ടിൽ ഹരിക്യഷ്ണൻ ( 23) എന്നിവരാണ് പോലീസ് പിടിയിലായത് .
പ്രതികൾക്ക് കോട്ടൂർ, അമ്പൂരി മേഖലകളിലെ വനപ്രദേശങ്ങളിലെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
നെയ്യാർഡാമിലെ നെല്ലിക്കുന്ന് കോളനിയിലും കോട്ടൂർ വനമേഖലകളിലുമുള്ള കഞ്ചാവ് , ലഹരിമരുന്ന്, വ്യാജവാറ്റ് മാഫിയകൾക്കെതിരെ പോലീസ് നടപടിയെടുത്തതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ സിപിഒ ടിനോ ജോസഫ് ഇപ്പോഴും ചികിത്സയിലാണെന്നും പിടിയിലായ പ്രതികൾ പലരും ജയിൽ ശിക്ഷ അനുഭവിച്ചവരാണെന്നും കൊലപാതകം, കൊലപാതകശ്രമം, വാഹനമോഷണം, ഭവനഭേദനം,മാലപൊട്ടിക്കൽ തുടങ്ങിയ കേസുകൾ ഇവരുടെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികളുമായി വനമേഖലയിൽ ഉൾപ്പടെ നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ബൈക്കുകളും പിടിച്ചെടുത്തു.
റൂറൽ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ്പി പ്രശാന്ത്, നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നെയ്യാർഡാം ഇൻസ്പെക്ടർ എസ്.ബിജോയ്, എസ്ഐമാരായ ശശികുമാരൻനായർ, രമേശൻ, മഹാദേവമാരാർ, രാജശേഖരൻ, എഎസ്ഐ മാരായ ഉണ്ണിക്യഷ്ണൻ പോറ്റി, സിപിഒ ടിനോ ജോസഫ്, ഷാഫി, ജ്യോതിഷ്, മഹേഷ് ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ ഷിബു, സുനിലാൽ, സാജു നെവിൻരാജ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.