മലപ്പുറം: ഇന്റര്‍നെറ്റ് കോളുകള്‍ പലപ്പോഴും പോലീസിനു തലവേദനയാകാറുണ്ട്. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അപവാദം പ്രചരിപ്പിക്കാനുമൊക്കെയായി ഇന്റര്‍നെറ്റ് കോളുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. മലയാളികളാണ് ഇക്കാര്യത്തില്‍ മുമ്പില്‍.
ഭൂരിഭാഗവും പ്രവാസി മലയാളികളുള്ള ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് പലപ്പോഴും ഇത്തരം ഫോണ്‍വിളികള്‍ ഉണ്ടാകാറ്. ഇന്റര്‍നെറ്റ് കോളിന്റെ സഹായം തേടിയാല്‍ ആരാണ് വിളിക്കുന്നതെന്ന് വ്യക്തമാകില്ലെന്ന സൗകര്യമാണ് പലരും ദുരുപയോഗപ്പെടുത്തുന്നത്.ഉന്നതരെ വധിക്കുമെന്ന് അടക്കമുള്ള ഭീഷണി സന്ദേശങ്ങളും എത്തിയിരുന്നത് ഇന്റര്‍നെറ്റ് കോള്‍ രൂപത്തിലായിരുന്നു.
ഇത് പൊലീസിനും നിരന്തരം തലവേദന സൃഷ്ടിക്കുന്നതായി. എങ്കിലും നടപടി സ്വീകരിക്കാന്‍ പൊലീസിന് ബുദ്ധിമുട്ടായത് ആള്‍ക്കാരെ ട്രേസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. എന്തായാലും ഈ തലവേദന ഒഴിവാക്കാന്‍ കേരളാ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തി. ഇതോടെ പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പു കൂടിയായി സംഭവം.
ഇന്റര്‍നെറ്റ് കോളുകള്‍ പിടിക്കപ്പെടില്ല എന്ന കാരണത്താല്‍ ഫോണ്‍വിളിച്ച് എന്തും പറയാമെന്ന അവസ്ഥയ്ക്ക് കൂടിയാണ് കേരളാ പൊലീസ് തടയിട്ടത്. എല്ലാ ജില്ലകളിലും രൂപവത്കരിച്ച മൂന്ന് പൊലീസുകാരടങ്ങിയ സൈബര്‍ ഫോറന്‍സിക് ടീം ഇതിന് സജ്ജമായി കഴിഞ്ഞു. വീട്ടമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വരുന്ന അശ്ലീലം നിറഞ്ഞ നെറ്റ്കോളുകള്‍ കൂടിയ സാഹചര്യത്തില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സംഘമാണ് സൈബര്‍ ഫോറന്‍സിക് ടീം.
മലപ്പുറം കല്‍പ്പകഞ്ചേരിയിലെ ഒരു വീട്ടമ്മയെ സ്ഥിരമായി ഇത്തരത്തില്‍ ഫോണ്‍ചെയ്ത് ശല്യപ്പെടുത്തിയ ചേലേമ്പ്ര സ്വദേശി മനോജ്കുമാറിനെ കഴിഞ്ഞദിവസം കല്പകഞ്ചേരി പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് മലപ്പുറം എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫോണ്‍വിളിയുടെ പ്രാഥമിക വിവരങ്ങള്‍ സൈബര്‍സെല്ലില്‍നിന്ന് കിട്ടിയാല്‍ കേരള പൊലീസ് തയ്യാറാക്കിയ പ്രത്യേക ആപ്പിന്റെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിയുന്നതും നാട്ടിലെത്തിച്ച് അറസ്റ്റ്ചെയ്യുന്നതും.
ഏറെ കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും ആത്മഹത്യക്കും ഇത്തരം ഫോണ്‍വിളി കാരണമായിട്ടുണ്ട്. സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ് കോളുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിവസവും പോലീസ് സ്റ്റേഷനിലേക്കെത്തുന്നത്. ലഹരി കുഴല്‍പ്പണ മാഫിയകളും വലിയ തോതില്‍ ഈ സൗകര്യം ദുരുപയോഗം ചെയ്യുന്നുണ്ട്. എന്തായാലും പുതിയ ആപ്പിന്റെ വരവ് അശ്ലീല ഫോണ്‍കോളുകളില്‍ പൊറുതിമുട്ടിയിരിക്കുന്ന സ്ത്രീകള്‍ക്ക് വലിയൊരു ആശ്വാസമാകും ഇത്.