അപകടമേഖലയില്‍ പോലീസുകാരനെ നിര്‍ത്തിക്കൂടേയെന്ന് യുവാവ്;ചോദ്യം ഇഷ്ടപ്പെടാഞ്ഞ പോലീസ് ഇയാളെ പൊക്കി ജീപ്പിലിട്ടു; നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ യുവാവിന്റെ സ്വര്‍ണ ബ്രേസ് ലെറ്റും മാലയും ഊരിയെടുത്തു; പുതുക്കാട് നടന്ന സംഭവത്തിന്റെ വീഡിയോ വൈറല്‍…

തൃശൂര്‍: രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കാന്‍ തുടങ്ങിയാലോ ? കേരളാ പോലീസിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പോലീസിന്റെ ക്രൂരതകള്‍ സമൂഹമാധ്യമങ്ങളിലൂടെ പരക്കെ പ്രചരിക്കുമ്പോഴും അധികാരികള്‍ മൗനം വെടിയുന്നില്ല. പോലീസിന് ജനങ്ങളുമായി നല്ല ബന്ധം വേണമെന്നും സൗഹൃദാന്തരീക്ഷം നില നിര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും ലോക്‌നാഥ് ബഹ്‌റയും ദിവസേന പറയുന്നുണ്ടെങ്കിലും അതെല്ലാം ലംഘിക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.

പോലീസിന്റെ അതിക്രമം അതിരുകടക്കുന്ന സാഹചര്യത്തിനാണ് തൃശൂരിലെ പുതുക്കാട് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.പ്രതികരിക്കാന്‍ പോലും സാധാരണക്കാരന് അവകാശമില്ലെന്ന് തെളിയിക്കുന്ന വിധത്തിലാണ് പൊലീസിന്റെ ശ്രമമെന്നാണ് പുതുക്കാട് പൊലീസിന്റെ അതിക്രമമേറ്റ യുവാവ് പറയുന്നത്.
സ്ഥിരമായി അപകടം നടക്കുന്ന പുതുക്കാട് റോഡില്‍ അപകടം കണ്ടപ്പോള്‍ ഇറങ്ങിയ യുവാവ് ആ പരിസരത്ത് വന്ന പൊലീസുകാരോട് ഇവിടെ ഒരു പൊലീസുകാരനെ ഇട്ടൂടെ സ്ഥിരം അപകടം നടക്കുന്ന മേഖലയാണ് എന്ന് മാത്രമേ പറഞ്ഞുള്ളൂ. നീ ആരാടാ അതൊക്കെ ചോദിക്കാന്‍ എന്ന് പറഞ്ഞായിരുന്നു പൊലീസുകാര്‍ ചെറുപ്പക്കാരനോട് പ്രതികരിച്ചത്. മാത്രമല്ല ചെറുപ്പക്കാരനെ മര്‍ദിക്കുകയും ഇട്ട ഡ്രസ് വലിച്ച് കീറി ജീപ്പിലേക്ക് എടുത്തെറിയാനും ശ്രമിച്ചു.

ഇത് കണ്ട നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ പൊലീസ് യുവാവിനെ വിട്ടെങ്കിലും പിന്നീട് യുവാവിന്റെ കയ്യിലുണ്ടായിരുന്ന ഒരു പവനോളമുള്ള ബ്രേസ്ലെറ്റും 2 പവനോളമുള്ള മാലയും കൈക്കലാക്കുകയായിരുന്നു. ഇത് ചോദിച്ച യുവാവിനോട് നിന്നെ പൊലീസ് സ്‌റ്റേഷനിലെത്തിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞ് പൊലീസ് തിരിച്ച് പോവുകയായിരുന്നു.പോലീസിന്റെ കാടത്തത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Related posts