തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ അധിക്ഷേപിച്ച് പോസ്റ്റിട്ട പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹെഡ്ക്വാട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല.
ആദ്യഘട്ടമായി നേതാവിൽനിന്നു വിശദീകരണം തേടും. പിന്നീട് വിളിച്ചുവരുത്തി മൊഴിയെടുക്കും. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് നിർദ്ദേശം. എസ്ഐ റാങ്കിലുള്ള നേതാവിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായതെന്നാണു വിലയിരുത്തൽ.
പോലീസ് ബറ്റാലിയനുകളിൽ നിലനിന്ന 673 താത്കാലിക പ്രൊമോഷൻ തസ്തികകൾ ഇല്ലാതാക്കാൻ, തെരഞ്ഞെടുപ്പിന്റെ മറവിൽ പോലീസ് മേധാവി സൂത്രപ്പണി നടത്തിയെന്നാണ് നാലാം ബറ്റാലിയനിലെ ഓഫീസർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ പോസ്റ്റിട്ടത്.