കണ്ണൂർ: സംസ്ഥാനത്തെ പോലീസുകാരുടെ ഏക സംഘടനയായ കേരള പോലീസ് അസോസിയേഷനു രാഷ്ട്രീയമില്ലെന്നാണ് വയ്പ്. എന്നാൽ ഭരണമാറ്റം വരുന്പോഴെല്ലാം പോലീസ് അസോസിയേഷൻ ഭരണക്കാരുടെ പക്ഷം ചേരും. അതാണ് കേരളത്തിലെ ഇതുവരെയുള്ള പതിവ്.
എന്തൊക്കെയായാലും രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിക്കാൻ പോലീസ് അസോസിയേഷൻ മുതിരാറില്ല. എന്നാൽ ഇക്കുറി കണ്ണൂർ ജില്ലാകമ്മിറ്റി പതിവ് തെറ്റിച്ചു. കേരള പോലീസ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളന നഗരിയെ ചുവപ്പണിയിച്ചാണ് സംഘാടകർ തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കിയത്. നീലയാണ് അസോസിയേഷന്റെ ഔദ്യോഗിക നിറം. എന്നാൽ സമ്മേളന നഗരി മുഴുവൻ ചുവപ്പണിയിപ്പിച്ചാണ് അലങ്കരിച്ചത്. സ്വാഗതകമാനവും തോരണങ്ങളുമെല്ലാം ചുവപ്പുതന്നെ.
പോലീസ് അസോസിയേഷന്റെ എബ്ലം മാത്രം നീലനിറത്തിലുണ്ട്. അലങ്കാരത്തിനായി കുറച്ചു നീല കൊടികളും സ്ഥാപിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ സിപിഎമ്മിന്റെയോ പോഷക സംഘടനകളുടെയോ സമ്മേളനമാണെന്നേ തോന്നുകയുള്ളൂ. സമ്മേളനനഗരി ചുവപ്പണിയിച്ചതിൽ ഒരുവിഭാഗം പോലീസുകാരിൽ കടുത്ത അമർഷം ഉയർന്നിരക്കുകയാണ്.
സേനയിൽ അമിതമായി രാഷ്ട്രീയം കുത്തനിറക്കാനുള്ള ശ്രമമാണ് ചുവപ്പണിയിച്ചതിനു പിന്നിലെന്ന് സേനാംഗങ്ങൾക്കിടയിൽ നിന്നു തന്നെ ആരോപണം ഉയർന്നിട്ടുണ്ട്.1979 ലാണ് പോലീസ് സേനയിൽ സംഘടന അനുവദിച്ചത്. 1980 മുതൽ കേരള പോലീസ് അസോസിയേഷൻ രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കുകയാണ്.
കണ്ണൂർ ജില്ലാ സമ്മേളനനഗരിയിൽ ചുവന്ന തോരണങ്ങൾ കെട്ടിയത് ഒരുവിഭാഗം സേനാംഗങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എന്നാൽ തോരണങ്ങളും കമാനവും മാറ്റിസ്ഥാപിക്കാൻ ആരും നിർദേശിച്ചിട്ടില്ല.