ഉപ്പള(കാസർഗോഡ്): വീട്ടിൽ സൂക്ഷിച്ച വിദേശമദ്യവും പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്ത് മടങ്ങുന്നതിനിടെ എക്സൈസ് സംഘത്തിനുനേരേ ആക്രമണം. ബുധനാഴ്ച രാത്രി എട്ടോടെ ബേക്കൂർ സുഭാഷ് നഗറിലാണ് സംഭവം.
സുഭാഷ് നഗറിലെ രാജേഷിന്റെ വീട്ടിൽ വിദേശമദ്യം സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തെത്തുടർന്ന് എത്തിയതായിരുന്നു എക്സൈസ് സംഘം. വീടിന്റെ പല ഭാഗത്തായി സൂക്ഷിച്ച 12 ബോക്സ് വിദേശമദ്യം, 31 കുപ്പി മദ്യം, പത്തു കിലോ പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നതായി എക്സൈസ് സംഘം പറഞ്ഞു.
ഇവ ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സ്ത്രീകളടങ്ങുന്ന സംഘമെത്തി ആക്രമണം നടത്തിയത്. പിടിച്ചെടുത്ത മദ്യം ജീപ്പിൽനിന്ന് തിരികെയെടുത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഇവരെ എക്സൈസ് സംഘം പിന്തുടർന്നു. അപ്പോഴാണ് സംഘം ആക്രമണം നടത്തിയത്. കുന്പള എക്സൈസ് ഇൻസ്പെക്ടർ പി.ജെ.റോബിൻ ബാബുവിന്റെ കൃത്രിമക്കാൽ വലിച്ചൂരി സംഘം മർദിച്ചതായി പരാതിയുണ്ട്.
ആക്രമണത്തിൽ എക്സൈസ് സിവിൽ ഓഫീസർമാരായ ടി.വി.റീന, എം.സജിത്, കെ.നൗഷാദ്, എ. ശ്രീകാന്ത്, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവർക്കും പരിക്കേറ്റു. ഇവർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ്, രാജേഷ് എന്നിവരും രണ്ടു സ്ത്രീകളുമുൾപ്പെടെ പത്തു പേർക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
2003ലുണ്ടായ വാഹനാപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട എക്സൈസ് ഇൻസ്പെക്ടർ റോബിൻ ബാബു കൃത്രിമ കാലിന്റെ സഹായത്തോടെയാണ് ഇപ്പോൾ നടക്കുന്നത്. ഈ കാലാണ് അക്രമിസംഘം വലിച്ചൂരിയത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്ഐ ജി.അനിൽകുമാർ, കുന്പള എസ്ഐ മെൽവിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. അതിനിടെ അക്രമിസംഘം ഓട്ടോയിലും മറ്റുമായി രക്ഷപ്പെട്ടിരുന്നു. എക്സൈസ് സംഘം പിടിച്ചെടുത്ത അഞ്ചു ബോക്സ് മദ്യവുമായാണ് സംഘം കടന്നുകളഞ്ഞത്.
അക്രമികളെക്കുറിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം എക്സൈസ് സംഘം ആക്രമിച്ചതായി ആരോപിച്ച് ബേക്കൂർ സുഭാഷ് നഗറിലെ പ്രദീപ (25), രമ്യ (19) എന്നിവർ കുന്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.