കോഴിക്കോട്: പോലീസ് മര്‍ദനമേറ്റ് കാലൊടിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനികനെ പട്ടാളം ഏറ്റെടുത്തു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍നിന്ന് കണ്ണൂരിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. പോലീസും സൈന്യവും തമ്മിലുള്ള ബലാബലത്തിനൊടുവിലാണ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത സൈനികന് വയനാട് പുല്‍പ്പള്ളി വാടാനക്കവല പഴംപ്ലാത്ത് കെ.എസ്. അജിത്തിനെ സൈന്യം കൊണ്ടുപോയത്.
സര്‍വ സന്നാഹങ്ങളുമായി എത്തിയായിരുന്നു സൈന്യത്തിന്റെ നടപടി. സൈനികനെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചതിനടക്കം കേസ് എടുത്തിരുന്നു. അറസ്റ്റ് ചെയ്ത വിവരം പോലീസ് സൈന്യത്തെ അറിയിച്ചിരുന്നില്ല.
ചികിത്സ സൈനിക ആശുപത്രിയിലേക്കു മാറ്റണമെന്ന് സൈന്യം പോലീസിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് വഴങ്ങിയില്ല. ഇതോടെയാണ് സൈനികര്‍ ആംബുലന്‍സുമായി സര്‍വ സന്നാഹത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിയത്. സൈന്യം ഇദ്ദേഹത്തിന്റെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോകുകയായിരുന്നു. മകനെ പോലീസ് മര്‍ദിച്ചുവെന്ന അമ്മയുെടെ പരാതിയില്‍ കേസ് എടുപ്പിച്ചശേഷമായിരുന്നു നടപടി.
പുല്പള്ളി സീതാദേവി ലവകുശ ക്ഷേത്ര ഉത്സവപ്പറമ്പിലെ ടുവീലര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിലാണ് അജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉത്സവപ്പറമ്പില്വച്ചും പുല്‍പ്പള്ളി സ്റ്റേഷനില്‍ എത്തിച്ചും പോലീസുകാര്‍ മൃഗീയമായി ആക്രമിച്ചതായി അജിത്ത് പറഞ്ഞു.
മര്‍ദനത്തില്‍ വലതുകാലിന്റെ എല്ല് പൊട്ടി. ശരീരമാസകലം ചവിട്ടേറ്റത്തിന്റെ പാടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ഡി. നവീന്‍ ബഞ്ചിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി അജിത്തിനോടു വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് സൈന്യത്തിന്റെ നടപടിയുണ്ടായത്.
അജിത്തിനെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് മേജര്‍ മനു അശോകിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബാരക്സില്‍ നിന്നുള്ള സൈന്യമെത്തിയത്.
മുപ്പതോളം പട്ടാളക്കാര്‍ അജിത്തിനെ ഏറ്റെടുത്ത് ആദ്യം വെസ്റ്റ്ഹില്‍ ബരാകസിലും പിന്നീട് കണ്ണൂര്‍ സൈനിക ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഉത്തർപ്രദേശ് 301 ലൈറ്റ് റെജിമെന്റില്‍ ജോലി ചെയ്യുന്ന അജിത്തിന്റെ ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പട്ടാളം എത്തിയത്.