കേസ് തെളിയിക്കാന്‍ ഇതുവരെ ആരും പയറ്റിയിട്ടില്ലാത്ത പരീക്ഷണവുമായി ക്രൈംബ്രാഞ്ച്. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനഃസൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടപ്പിലാക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് പോലൂരിനടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഇത്തരമൊരു പരീക്ഷണം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തലയോട്ടിയില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ച് മരിച്ചയാളെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2017 സെപ്തംബര്‍ പതിനാലിനാണ് പോലൂരിലെ ആളൊഴിഞ്ഞ പറമ്പില്‍ നാല്‍പ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
മുഖം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ആളെ തിരിച്ചറിയാനായില്ല. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് വിശദമായി അന്വേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ മൃതദേഹം കണ്ട സ്ഥലത്ത് ഉത്തരമേഖലാ ഐജി ഇ ജെ ജയരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ദൃക്സാക്ഷികളുടെ മൊഴിയും ശേഖരിച്ചിരുന്നു.
ഇതിനു ശേഷമാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖം പുനഃസൃഷ്ടിക്കാനുള്ള തീരുമാനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയത്. തലയോട്ടി ഉപയോഗിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സോഫ്റ്റുവെയറിന്റെ സഹായത്തോടെ മുഖം പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. തുടര്‍ന്ന് രേഖാ ചിത്രം സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചരിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിലൂടെ കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. ക്രൈംബ്രാഞ്ചിന്റെ ഈ ഉദ്യമം വിജയകരമായാല്‍ കേരളാപോലീസിന്റെ തലവര തന്നെ അത് മാറ്റിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.