തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്താനെത്തിയ അക്രമി സംഘത്തെ തടഞ്ഞ പോലീസുകാരന് പോലീസിന്റെ വക പാരിതോഷികം പ്രഖ്യാപിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രത്യുഞ്ജയന്‍ പാരിതോഷികം പ്രഖ്യാപിച്ചത്. 5000 രൂപയാണ് പാരിതോഷികം.
അക്രമി സംഘത്തെ ചെറുക്കുന്നതിനിടെ ഗുരുതരമായി മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന പ്രത്യുഞ്ജയനെ ഐജി മനോജ് എബ്രഹാം ആശുപത്രിയിലെത്തി സന്ദർശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്താനെത്തിയ വാർഡ് കൗണ്‍സിലർ ഐപി.ബിനു ഉൾപ്പെടെയുള്ള സംഘത്തെ ചെറുക്കുന്നതിനിടെയാണ് പ്രത്യുഞ്ജയന്‍ മർദനമേറ്റത്. കാഴ്ചക്കാരായി നോക്കി നിന്ന പോലീസുകാരെ സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു.