തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് വകുപ്പിൽ വൻ മാറ്റങ്ങൾ. സംസ്ഥാനത്ത് രണ്ട് കമ്മീഷണറേറ്റുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കമ്മീഷണറേറ്റുകൾ തുടങ്ങുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് ഉത്തരവിൽ ഒപ്പുവച്ചു.
ഐജി റാങ്കിലുള്ള കമ്മീഷണർമാർ ആകുമെന്നും കളക്ടറുടെ മജസ്റ്റീരിയൽ അധികാരങ്ങൾ കമ്മീഷണർമാർക്ക് നൽകിയെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഐജി ദിനേന്ദ്ര കശ്യപാണ് തിരുവനന്തപുരം കമ്മീഷണർ. വിജയ് സാഖറെ കൊച്ചി കമ്മീഷണറാകും. സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഒറ്റ എഡിജിപിക്കായി ചുരുക്കി. ഷെയ്ക് ദർവേസ് സാഹിബ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും.
ഐജി മനോജ് എബ്രഹാം പോലീസ് ആസ്ഥാനത്തെ എഡിജിപിയാകും. ഋഷിരാജ് സിംഗ് വീണ്ടും ജയിൽ വകുപ്പ് മേധായാകുമെന്നും എഡിജിപി ആനന്ദ് കൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണർ ആകുമെന്നുമാണ് വിവരം. എം.ആർ. അജിത്കുമാറിനെ ദക്ഷിണമേഖല ഐജിയായും അശോക് യാദവിനെ ഉത്തരമേഖല ഐജിയായും നിയമിച്ചു.
എഡിജിപി ആർ ശ്രീലേഖയ്ക്ക് പുതിയ ചുമതല നൽകുമെന്നാണ് വിവരം. ഇതിനു പുറമേ റെയ്ഞ്ചുകളിൽ ഐജിമാർക്കു പകരം ഡിഐജിമാരെ നിയമിക്കാനും ഉത്തരവായി.