തിരുവനന്തപുരം: കൊല്ലം റൂറൽ, വയനാട് ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവരെ മാറ്റി പോലീസിൽ നേരിയ അഴിച്ചുപണി. അടുത്തിടെ ഐപിഎസ് ലഭിച്ച എട്ട് എസ്പിമാർക്കും നിയമനം നൽകി.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ആർ. ഇളങ്കോയെ നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്നു. കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കറിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (ഇന്റലിജൻസ്) എസ്പിയാക്കി മാറ്റി.
ഹെൽമറ്റില്ലാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിച്ച വയോധികനെ പോലീസ് പ്രോബേഷൻ എസ്ഐ മർദിച്ചതു കൊല്ലം റൂറൽ ജില്ലാ പോലീസ് പരിധിയിലായിരുന്നു. കൊച്ചി സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയെ വയനാട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു.
കണ്ഫേഡ് ഐപിഎസ് ലഭിച്ച പി.ബി. രാജീവിനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറാക്കി. കെ.ബി. രവിയെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും എസ്. രാജേന്ദ്രനെ ക്രൈംബ്രാഞ്ച്- തിരുവനന്തപുരത്തെ സിയു ഒന്നിലും തന്പി എസ്. ദുർഗാദത്തിനെ തൃശൂർ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായും നിയമിച്ചു.ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ടാകും.
നിയമനം ലഭിച്ച മറ്റ് എസ്പിമാർ: രതീഷ് കൃഷ്ണൻ- സ്റ്റേറ്റ് സ്പെഷൽ സ്റ്റേറ്റ് ഇന്റേണൽ സെക്യൂരിറ്റി, ടോമി സെബാസ്റ്റ്യൻ- ക്രൈംബ്രാഞ്ച്, എറണാകുളം, എൻ. വിജയകുമാർ- സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എറണാകുളം റേഞ്ച്.