പോലീസിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല, മതിലില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിയെയും ബന്ധുവിനെയും തല്ലിച്ചതച്ചാണ് പോലീസ് ജനമൈത്രി കാട്ടിയത്. തിരൂര്‍ മുത്തൂരിലെ അതുല്‍ ജിത്തിനും ബന്ധു അഭിലാഷി(26)നുമാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. പോലീസുകാര്‍ അടിവയറ്റില്‍ ചവിട്ടിയ അതുല്‍ എട്ടു ദിവസമായി ആശുപത്രിയിലാണ്. കണ്ണുരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുമ്പോള്‍ കണ്ണൂര്‍ പോലീസ് ക്വാര്‍ട്ടേഴ്സിന് അടുത്തുള്ള മതിലില്‍ ഇരുവരും മൂത്രമൊഴിക്കുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
ക്വാര്‍ട്ടേഴ്സിലെ രണ്ടാം നിലയിലെ സ്ത്രീ ഇതു കണ്ടു ബഹളമുണ്ടാക്കി. മൂത്രമൊഴിച്ചു കഴിഞ്ഞ് തങ്ങള്‍ പൊക്കോളാം എന്നു വിദ്യാര്‍ഥികള്‍ മറുപടി കൊടുത്തു. ഇത് ആ സ്ത്രീയ്ക്ക ഇഷ്ടപ്പെട്ടില്ല നിന്നെയൊക്കെ കാണിച്ചുതരാം എന്നാക്രോശിച്ച് അവര്‍ അകത്തേക്കു പോയി. വിദ്യാര്‍ഥികള്‍ മൂത്രമൊഴിച്ച് കഴിഞ്ഞ് സമീപത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ കയറി. ആ സമയത്ത്് പോലീസ് ജീപ്പ് അവിടേക്ക് വരികയായിരുന്നു. മതിലിനു പുറത്തിറങ്ങിയ സ്ത്രീ ഇരുവരെയും പോലീസിനു കാണിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇരുവരെയും വലിച്ചിറക്കിയ പോലീസ് പൊതിരെ മര്‍ദ്ദിക്കുകയായിരുന്നു. അതുലിന്റെ വയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ആളുകളുടെ പ്രതിഷേധം വകവച്ചില്ല. റോഡില്‍ കുഴഞ്ഞു വീണ അതുലിനെ എംഎല്‍എ ജയിംസ് മാത്യുവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ സംഭവങ്ങള്‍ക്കൊക്കെ തുടക്കം കുറിച്ച സ്ത്രീ അവസാനം പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെത്തുകയും ചെയ്തു. സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അതുലിന്റെ അച്ഛന് മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്.