ദിലീപ് ഗള്‍ഫിലേക്ക് വിമാനം കയറിയതിനു പിന്നാലെ ആറു പോലീസ് ഉദ്യോഗസ്ഥരും പിന്നാലെ, ലക്ഷ്യം അജ്ഞാത മൊബൈല്‍ തേടി, മണലാരണ്യത്തില്‍ ക്ലൈമാക്‌സോ?

പ്രത്യേക ലേഖകന്‍

 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ പിന്തുടര്‍ന്ന് ആറംഗ പോലീസ് സംഘം ദുബായിലെത്തിയതായി സൂചന. നടന്റെ ഒരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിച്ചുവരുന്ന പോലീസ് സംഘം കേസിന്റെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തതു അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു.

നടന്റെ നേതൃത്വത്തില്‍ ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്. ഇതിനാല്‍തന്നെ ദിലീപിന്റെ യാത്ര സംശയത്തോടെ നിരീക്ഷിക്കുന്ന അന്വേഷണ സംഘം ആറംഗ പോലീസ് സംഘത്തെ ദുബായിലേക്ക് അയച്ചതായാണു വിവരം. എന്നാല്‍, ഇതു സംബന്ധിച്ച് സ്ഥിരീകരണത്തിനായി രാഷ്ട്രദീപിക ലേഖകന്‍ വിളിച്ചെങ്കിലും പോലീസ് പ്രതികരിച്ചില്ല.

രാവിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു യാത്ര തിരിച്ച സംഘത്തിനോടൊപ്പം പോലീസ് സംഘവും ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ചും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയുടെ അനുമതിയോടെ യാത്ര ചെയ്യുന്ന ദിലീപ് യാത്ര സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍, താമസിക്കുന്ന സ്ഥലം തുടങ്ങി എല്ലാവിധ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ദിലീപിന്റെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിനായാണു ദിലീപും അമ്മ സരോജവും ദുബായിലെത്തിയിരിക്കുന്നത്. നാദിര്‍ഷയും കുടുംബവും നേരത്തെതന്നെ ദുബായിലെത്തിയിരുന്നു.

ദുബായ് കാരാമയില്‍ ബുധനാഴ്ച്ചയാണ് ഹോട്ടലിന്റെ ഉദ്ഘാടനം. ആറു ദിവസത്തേക്കാണു ദിലീപിനു പാസ്‌പോര്‍ട്ട് ഹൈക്കോടതി വിട്ടുനല്‍കിയിരിക്കുന്നത്. നാല് ദിവസം ദുബായില്‍ തങ്ങുന്നതിനും രണ്ടു ദിവസം യാത്രയ്ക്കുമാണ് അനുമതി. ഇത്രയും ദിവസം ദുബായില്‍ തങ്ങില്ലെന്നും അമ്മയ്‌ക്കൊപ്പം നാളെ മടങ്ങിയെത്തുമെന്നും സൂചനയുണ്ട്. അതേസമയം, ദിലീപിനെ എട്ടാം പ്രതിയാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ പരിശോധന ഈ ആഴ്ച പൂര്‍ത്തിയാകുമെന്നാണു വിവരം. കഴിഞ്ഞ ബുധനാഴ്ച സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകളാണ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്നുവരുന്നത്.

Related posts