പത്തനംതിട്ട: സാന്പത്തിക തട്ടിപ്പുകേസിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ എആർ ക്യാന്പ് ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കൊക്കാത്തോട് സ്വദേശിയും കോന്നി പോലീസ് സ്റ്റേഷനിലെ സിപിഒയുമായ ബിനുകുമാറിനെ (36)യാണ് ഇന്നലെ രാവിലെ പത്തോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പത്തനംതിട്ട എആർ ക്യാമ്പിലെത്തി മെസിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവിടെ തങ്ങിയിരുന്നു. പിന്നീടാണ് ബിനുവിന്റെ മൃതദേഹം ബാരക്കിലെ ജനലിൽ മുണ്ടിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.
കോന്നി പോലീസ് സ്റ്റേഷനിൽ ഒരുമാസത്തോളമായി ഡ്യൂട്ടിക്ക് ഹാജരുണ്ടായിരുന്നില്ല.റാന്നിയിൽ ജോലിയിലിരിക്കേ പ്രദേശവാസിയായ യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി ഇയാൾക്കെതിരേ പരാതി ഉയർന്നിരുന്നു.
കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും തുടർ നടപടി സ്വീകരിച്ചിരുന്നില്ല. ഇയാൾ ഒളിവിലാണെന്നായിരുന്നു പോലീസ് റിപ്പോർട്ട്.
യുവതിയിൽ നിന്നു തട്ടിയെടുത്ത കാറിന്റെ ആർസി ബുക്ക് പണയപ്പെടുത്തി ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നതായി പറയുന്നു.
ബിനു കുമാറിന്റെ ഭാര്യ വിദേശത്തു ജോലിയിലാണ്. ഭാര്യയുടെ മാതാപിതാക്കൾക്കും രണ്ടു മക്കൾക്കുമൊപ്പം തേക്കുതോട്ടിലെ വീട്ടിലാണ് ഇയാൾ താമസിച്ചുവന്നിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും.