തൊടുപുഴ: വീടിനു സമീപത്തെ മണ്ണെടുപ്പിനെതിരേ പരാതി നൽകിയ വീട്ടമ്മയെ പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ചുങ്കത്ത് താമസിക്കുന്ന തൊടുപുഴ അർബൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥയും വിധവയുമായ സുഭദ്ര ഷാജിയെയും മകളെയുമാണ് കുന്ന് ഇടിക്കുന്നതുമായുള്ള തർക്കത്തെത്തുടർന്ന് പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്.
അയൽവാസി കുന്ന് ഇടിച്ചുനിരത്തിയതോടെ മഴ പെയ്യുന്പോൾ മണ്ണും കല്ലും ചെളിയും ഇവരുടെ മുറ്റത്തും വീട്ടിലും കയറുന്നതായി ചൂണ്ടിക്കാട്ടി ഇവർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
തുടർന്ന് മണ്ണ് നീക്കം ചെയ്യുന്നത് കളക്ടർ തടഞ്ഞിരുന്നു. ഇതെത്തുടർന്ന് മൂന്നു പോലീസുകാർ വീട്ടിലെത്തി ഇനി ഇതു സംബന്ധിച്ച് ആർക്കും പരാതി നൽകരുതെന്ന് നിർദേശിച്ചു.
പരാതിയുണ്ടെങ്കിൽ തൊടുപുഴ പോലീസിനെ അറിയിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.പോലീസുകാർ പോയതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുഭദ്രയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.