പത്തനംതിട്ട: നിരപരാധിയായ മകനെ പത്തനംതിട്ട പോലീസ് കള്ളക്കേസില്‍ കുടുക്കിയതായി മാതാവിന്റെ പരാതി.
മുണ്ടുകോട്ടയ്ക്കല്‍ പുത്തന്‍വീട്ടില്‍ നിലോഫര്‍ റഷീദിന്റെ മൂത്തമകന് പ്ലസ്ടു വിദ്യാര്‍ഥിയായ പത്തൊമ്പതുകാരനെയാണ് പോലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി ഉയര്‍ന്നത്.
പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലാണ് മകനെ കേസില്‍ കുടുക്കിയതെന്ന് മാതാവ് നിലോഫര്‍ റഷീദ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് പോലീസ് കേസെടുത്തത്.
കുട്ടികളുടെ സംഘര്‍ഷത്തിനിടെ പരിക്കേറ്റയാളുടെ ചികിത്സാച്ചെലവുകള്‍ തങ്ങള്‍ വഹിച്ചിരുന്നു. സ്കൂള്‍ അധികൃതര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
ചില സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഇടപെടലില്‍ പോലീസില്‍ പരാതി നല്കി കേസെടുപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയില്‍ നിസ്ക്കരിക്കാന്‍ പോയ മകനെ പോലീസുകാര്‍ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി.
വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ കുട്ടിയുടെ മുത്തച്ഛനുനേരെ സിഐ അസഭ്യവര്‍ഷം നടത്തുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.
മാതാപിതാക്കളെ അറിയിച്ചു നടപടി ക്രമങ്ങള്‍ പാലിക്കാതെ കുട്ടിയെ ജുവനൈൽ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.
പോലീസ് തങ്ങളുടെ കുടുംബത്തെ നിരന്തരം ശല്യം ചെയ്യുകയാണെന്നും മൂത്തമകന് ഉമ്മര്‍ഖാനെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായും നിലോഫര്‍ റഷീദ് പറഞ്ഞു.
13 വര്‍ഷമായി പത്തനംതിട്ട ജോസ്കോ ജംഗ്ഷന് സമീപം വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ഇവര്‍ പറഞ്ഞു.
കെട്ടിടം സംബന്ധിച്ച് കോടതിയില്‍ ചില കേസുകളുണ്ട്. ഈ കെട്ടിടത്തില്‍ അടുത്തിടെ സിപിഎം ഓഫീസും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട സിഐയുടെ സഹായത്തോടെ സിപിഎം പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്നാണ് കുടുംബത്തെ ഇറക്കി വിടാന്‍ ശ്രമിച്ചത്.
മൂത്ത മകനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്ന് സി ഐ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി നിലോഫര്‍ റഷീദ് പറഞ്ഞു.