ഡൽഹി: മദ്യപിച്ചുണ്ടെങ്കിൽ ഉൗതിച്ച് കുടുക്കിലാക്കാം എന്ന കണക്കുകൂട്ടലിലാണു ഡൽഹി പോലീസ് കാർ ഡ്രൈവറുടെ മുഖത്തേക്ക് ഉൗത്ത് മെഷീൻ (ആൽക്കോ മീറ്റർ) നീട്ടിയത്. നന്നായി മദ്യപിച്ചിരുന്ന നോയിഡ സ്വദേശിയായ ഡ്രൈവർ റിഷി ധിഗ്രയ്ക്ക് അപകടം മണത്തു. മദ്യപിച്ചു വാഹനമോടിച്ചാൽ രൂപ രണ്ടായിരമാണ് ഡൽഹിയിൽ പിഴ. ആറുമാസം അകത്തു കിടക്കേണ്ടിയും വന്നേക്കാം. പിന്നെ അമാന്തിച്ചില്ല, പോലീസിന്റെ കൈയിൽനിന്ന് ഉൗതുന്ന മെഷീനും തട്ടിയെടുത്ത് അടുത്തവിമാനം പിടിച്ച് നേരേ ലണ്ടനിലേക്കു വിട്ടു. പ്രതിയെയും തൊണ്ടിമുതലും തെരക്കി ചെന്ന പോലീസിന് ഒടുവിൽ സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന കറുത്ത മാരുതി സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുക്കേണ്ടിവന്നു.
കഴിഞ്ഞ ദിവസം രാത്രി ഡൽഹി കോണാട്ട് പ്ലേസിലെ തിരക്കേറിയ റോഡിലായിരുന്നു ട്രാഫിക് പോലീസിന്റെ വാഹനപരിശോധന. കുടിയന്മാരെ പിടിക്കുക തന്നെയായിരുന്നു ലക്ഷ്യം. രാത്രി 11.40 ആയപ്പോഴാണ് റിഷി ധിഗ്രയുടെ കറുത്ത മാരുതി സ്വിഫ്റ്റ് ഇതു വഴി വന്നത്. പോലീസ് കൈ കാണിച്ചതും റിഷി വണ്ടി നിർത്തി. അടുത്തെത്തിയപ്പോൾ തന്നെ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസിനു മനസിലായി.
ഉൗതാൻ പറഞ്ഞ് ആൽക്കോ മീറ്റർ പോലീസ് റിഷിക്ക് നേരേ നീട്ടി. വണ്ടി ഒതുക്കി നിർത്താം എന്നു പറഞ്ഞ് പതുക്കെ മുന്നോട്ടെടുക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് ആൽക്കോമീറ്റർ തട്ടിയെടുത്ത് വണ്ടി സ്പീഡിൽ ഓടിച്ചു പോകുകയായിരുന്നു. ഓടിമറഞ്ഞ സ്വിഫ്റ്റ് കാറിന്റെ അവസാനത്തെ നാലക്ക നന്പർ മാത്രമാണ് പോലീസിന്റെ കണ്ണിൽ പെട്ടത്. ഡ്യൂട്ടിക്കിടയിലുണ്ടായിരുന്ന പോലീസുകാരന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മോഷണം നടത്തിയതിനും റിഷിക്കെതിരേ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കണ്ണിൽ പെട്ട നാലക്ക നന്പറിന്റെ പിന്നാലെ പോലീസ് അന്വേഷണം നടത്തി ഒടുവിൽ നോയിഡയിലെ റിഷിയുടെ വീട്ടിലെത്തി. പക്ഷേ, പോലീസ് തിരക്കി ചെന്നപ്പോഴേക്കും റിഷി ലണ്ടനിലേക്കു പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആൽക്കോമീറ്റർ താൻ അന്നുതന്നെ വഴിയിൽ വലിച്ചെറിഞ്ഞുവെന്നാണ് ഇയാൾ പറഞ്ഞത്. എന്തായാലും റിഷിയുടെ കറുത്ത മാരുതി സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മധുർ വർമ പറഞ്ഞു.