ചാവക്കാട്: പോലീസ് ക്രൂരമായി മര്‍ദിച്ച വിദ്യാര്‍ഥിയോട് പോലീസിന്റെ പേര് എഴുതിവച്ച് ഏങ്ങണ്ടിയൂരില്‍ വിനായകന്‍ തൂങ്ങിമരിച്ചപോലെ ആത്മഹത്യചെയ്യാന്‍ പോലീസിന്റെ ആക്രോശം. അതും മാതാവിന്റെ മുന്നില്‍വച്ച്. നിറഞ്ഞ കണ്ണുകളോടെയാണ് പാലുവായ് സ്വദേശി അജ്മലും മാതാവ് ഹഫ്‌സയും ഈ കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പറഞ്ഞത്.16 കാരനായ അജ്മല്‍ വെന്‍മേനാട് എം.എ.എസ്.എം. സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
കുണ്ടുകടവ് പാലത്തിനു സമീപത്ത് നിന്നാണ് ഏഴുവിദ്യാര്‍ഥികളെ പോലീസ് പിടിച്ചുകൊണ്ടുവന്നത്. ഇസ്ലാമിക് സ്‌കൂളില്‍ വിദ്യാര്‍ഥികളെ അക്രമിക്കാനാണ് വന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സുഹൃത്തിന്റെ കാറില്‍ വരുമ്പോള്‍ കാര്‍ തകരാറിലായിനിന്ന സമയത്താണ് പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പറയുന്നു. സ്‌റ്റേഷനില്‍ ക്രൂര മര്‍ദനമാണ് ഇവര്‍ക്കേല്‍ക്കേണ്ടിവന്നത്. മര്‍ദനത്തില്‍ പരുക്കേറ്റ രണ്ടു വിദ്യാര്‍ഥികള്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയാണ്. മര്‍ദനത്തിനുശേഷം രക്ഷിതാക്കളെ വിളിച്ച് വരുത്തിയാണ് വിദ്യാര്‍ഥികളെ വിട്ടയച്ചത്. കൊലക്കേസിലെ പ്രതികളോട് പെരുമാറുന്ന തരത്തിലാണ് വിദ്യാര്‍ഥികളോട് പോലീസ് പെരുമാറിയത്.
ചൂരല്‍ ഒടിയുംവരെ വിദ്യാര്‍ഥികളുടെ കാല്‍പ്പാദങ്ങളില്‍ അടിച്ചതായും മുഖത്തും നെഞ്ചത്തും അടിച്ചതായും പരുക്കുകള്‍ കാണിച്ചു വിദ്യാര്‍ഥികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വിവരിച്ചു. രക്ഷിതാക്കളുടെ മുന്നില്‍ വച്ച് സ്വന്തം മക്കളോട് തൂങ്ങി ചാവാനും ചാവാനുള്ള കാരണം പോലീസാണെന്ന് എഴുതിവെക്കാനും പറഞ്ഞായിരുന്നത്രെ പോലീസ് ആക്രോശം. ഇതിനായി പാവറട്ടിയില്‍ പോലീസ് മര്‍ദനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വിനായകനെയാണ് ഉദാഹരണമായി സൂചിപ്പിച്ചതെന്ന് അജ്മലിന്റെ മാതാവ് ഹഫ്‌സ പറഞ്ഞു. രക്ഷിതാക്കളെ വിളിച്ചുവരുത്തിയ പോലീസ് ഉണ്ടായ സംഭവങ്ങള്‍ വിവരിക്കാന്‍ തയാറായില്ല. പകരം മക്കളെ കഞ്ചാവ് കേസിലും മറ്റും ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു.