പാതിരാത്രിയില്‍ എസ്‌ഐ വനിതാഹോസ്റ്റലില്‍ എത്തി; അസമയത്ത് റോഡില്‍കിടന്നു പരുങ്ങുന്നതാരെന്നു നോക്കിയ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ചു; കോഴിക്കോട്ട് നടന്നതിതൊക്കെ…

കോഴിക്കോട്: എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം കഴിഞ്ഞ ദിവസം നടന്ന സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അച്ഛനെ അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയേയും അച്ഛനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയുടെ വീട്ടിലേക്കും തൊട്ടടുത്ത വനിതാ ഹോസ്റ്റലിലേക്കും ഒരേ വഴിയാണ്. ഈ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഹബീബുള്ള യൂണിഫോമില്‍ സഹപ്രവര്‍ത്തകരോടൊപ്പം എത്തിയതായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. അസമയത്ത് ഹോസ്റ്റല്‍ ഗേറ്റിനടുത്ത് ഒരാള്‍ പതുങ്ങി നല്‍ക്കുന്നത് തൊട്ടടുത്ത വീട്ടുകാര്‍ കണ്ടു. അസമയത്ത് വഴിയില്‍ നില്‍ക്കുന്നതാരാണെന്ന് നോക്കുന്നതിനിടെ അച്ഛന്‍ പുരുഷോത്തമനെ എസ്‌ഐ അസഭ്യം പറഞ്ഞു.

നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാന്‍ എന്നായിരുന്നു എസ്‌ഐയുടെ വാക്കുകള്‍. വീട്ടില്‍ നില്‍ക്കുന്ന തന്നെ അസഭ്യം പറഞ്ഞതോടെ പുരുഷോത്തമന്‍ എസ്‌ഐയുടെ അടുത്തേക്ക് ചെല്ലുകയും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ എസ്‌ഐ കൂടുതല്‍ രൂക്ഷമായി അസഭ്യം പറയുകയായിരുന്നു. അച്ഛനെ അസഭ്യം പറയുന്നത് കേട്ട് വീട്ടില്‍ പഠിച്ചുക്കൊണ്ടിരിക്കുകയായിരുന്ന മകന്‍ അങ്ങോട്ട് ചെന്നു. യൂണിഫോമിലുള്ള ഉത്തരവാദിത്വമുള്ള പൊലീസുകാരന്‍ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ എന്ന് ചോദിച്ചു. ഇതോടെ എസ്‌ഐ തന്റെ കഴുത്തില്‍ പിടിക്കുകയും ഇടിക്കുകയും ചെയ്‌തെന്ന് വിദ്യാര്‍ഥി പറയുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാരും മര്‍ദ്ദിച്ചു. തുടര്‍ന്ന് തന്നെ ജീപ്പിലേക്ക് എടുത്തിട്ടുവെന്നും സീറ്റില്‍ നെഞ്ചിടിച്ചാണ് വീണതെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ഈ സംഭവങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ അമ്മ ബഹളം വച്ചു. ഇതേത്തുടര്‍ന്ന് നാട്ടുകാരും ഓടിക്കൂടി. വിദ്യാര്‍ത്ഥിയുടെ സഹോദരനും യൂത്ത് കോണ്‍ഗ്രസ് എരഞ്ഞിപ്പാലം മണ്ഡലം പ്രസിഡന്റുമായ അതുല്‍ നടക്കാവ് പൊലീസില്‍ ബന്ധപ്പെട്ടു. ഇതോടെ പൊലീസ് എത്തി എസ്‌ഐയേയും സംഘത്തേയും രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കുപറ്റിയ അതുല്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നു. എന്നാല്‍ എസ്‌ഐക്കെതിരായ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ ഇവര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി എടുത്തു.

പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ പോലീസ് സകല അടവും പയറ്റുന്നുണ്ട്. പ്രായ പൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ അതില്‍ നിന്നും പിന്മാറുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പടെയുള്ളവരെ ബന്ധപ്പെട്ട് അഭ്യര്‍ത്ഥിച്ചതിന്റെ ഫലമായാണ് മാര്‍ച്ച് നടത്താതിരുന്നതെന്നാണ് വിവരം.അതേസമയം നിയമനടപടികള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് കോഴിക്കോട് ഡിസിസി ഓഫീസില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ പാര്‍ട്ടി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ സദാചാര പൊലീസ് ചമഞ്ഞ് തന്നെ തടയുകയായിരുന്നെന്നാണ് എസ്‌ഐയുടെ ഭാഷ്യം. അടുത്തമാസം നിക്കാഹാണെന്നും അതിന്റെ ഭാഗമായുള്ള മധുര പലഹാരങ്ങള്‍ ഭാവി വധുവിന് നല്‍കാനായാണ് അവിടെ പോയതെന്നുമാണ് അദ്ദേഹം പറയുന്നത്.

 

Related posts