തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് എഐ കാമറകള്‍ സ്ഥാപിച്ച മാതൃകയിൽ 1000 കാമറകള്‍ സ്ഥാപിക്കാനുള്ള പോലീസ് പദ്ധതിക്ക് തടയിട്ടു ധനവകുപ്പ്.
കെല്‍ട്രോണിന്റെ കീഴില്‍ സ്വകാര്യ കമ്പനികളുമായി ചേർന്ന് ട്രാഫിക് കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്കാണു ധനവകുപ്പ് തടസ മുന്നയിച്ചത്.
നിയമലംഘകരിൽനിന്നു പിരിക്കുന്ന പിഴയിൽനിന്നു പ്രതിമാസം നിശ്ചിത തുക ഈടാക്കാൻ കെൽട്രോൺ തയാറാക്കിയ വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി.
400 കോടിയലധികം മുടക്ക് മുതലുള്ള പദ്ധതിയാണ് കെൽട്രോണ്‍ മുഖേന പോലീസ് നടപ്പാക്കാൻ ഉദ്ദേശിച്ചത് എന്നാൽ അതിന് തടസവാദം ഉന്നയി ച്ചിരിക്കുകയാണ് ധനവകുപ്പ്.
കാമറ വഴി വരുന്ന പിഴപ്പണത്തിൽനിന്ന് ഓരോ മാസവും നിശ്ചിത പണം കെൽട്രോണിന് നേരിട്ടെടുക്കാനായി പ്രത്യേക അക്കൗണ്ട് തുടങ്ങാൻ അനുവദിക്കില്ലെന്നും ഇത്തരമൊരു അക്കൗണ്ട് തുടങ്ങാൻ നിയമപരമായ സാധുതയില്ലെന്നുമാണ് ധനവകുപ്പന്റെ നിലപാട്.
പണം മുഴുവനായി സർക്കാരിലേക്ക് അടച്ച ശേഷം ഓരോ മാസവും തിരിച്ചടയ്ക്കേണ്ട പണത്തിന്റെ ബില്ലു നൽകിയാൽ ധാരണപ്രകാരമുള്ള പണം നൽകാമെന്ന് ധനവകുപ്പ് പറയുന്നു. പക്ഷേ കെൽട്രോൺ ഇത് അംഗീകരിച്ചിട്ടില്ല.
വ്യവസ്ഥ ഇങ്ങനെ
1000 കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയിൽ പോലീസ് പണം മുടക്കില്ല. കമ്പനികള്‍ പണം മുടക്കി കാമറകള്‍ സ്ഥാപിക്കണം. 10 വർഷത്തിനുള്ളിൽ പിഴത്തുകയിൽനിന്നു മുടക്കുമുതൽ കമ്പനിക്ക് തിരികെ നൽകുന്നതായിരുന്നു ടെൻഡർ നിർദേശം. ഇതിനായി പോലീസും കെൽട്രോണുമായി സംയുക്ത ട്രഷറി അക്കൗണ്ട് തുടങ്ങും.