ഒറ്റപ്പാലം: കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ആയിരം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഈ വർഷം കാമറ വര്‍ഷമായി പോലീസ് ആചരിക്കുന്നതിന്റെ ഭാഗമായാണ് ആയിരം നിരീക്ഷണ കാമറകള്‍ പാതയോരങ്ങളില്‍ സ്ഥാപിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ഏറ്റവും ഉചിതമായ സംവിധാനം എന്ന നിലയിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. സ്പോണ്‍സര്‍ഷിപ് വഴിയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്.
പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയില്‍ പത്തിരിപ്പാല മുതല്‍ വാണിയംകുളം വരെ 22 കാമറകള്‍ ഇതിനകം സ്ഥാപിച്ചു. തൃത്താലയില്‍ നൂറു കാമറകളും. ഇതുള്‍പ്പെടെ ആയിരം കാമറകളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നത്.
നഗരങ്ങളിലും പ്രധാന പാതയോരങ്ങളിലും മോഷണംപോലുള്ള കുറ്റകൃത്യങ്ങളും അപകടങ്ങളും നടന്നാല്‍ ഇത് കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനുമാണ് കാമറ. മോഷണങ്ങളും കുറ്റകൃത്യങ്ങളും കൂടുതല്‍ നടക്കുന്ന അമ്പലപ്പാറ, വേങ്ങശേരി പ്രദേശത്ത് പത്ത് കാമറകള്‍ സ്ഥാപിക്കും.
വ്യാപാരസ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും മറ്റും ചേര്‍ന്നാണ് കാമറകള്‍ സ്പോണ്സര് ചെയ്തിട്ടുള്ളത്. പാലക്കാട് ഒലവക്കോട് റെയില്‍വേ ജംഗ്ഷനിലും വ്യാപാരികളുടെ നേതൃത്വത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
അപകടങ്ങളില്‍ നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും പിടിച്ചുപറിയും മോഷണവും നടത്തുന്നവരെ പിടികൂടാനും കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ തെളിവ് കണ്ടെത്താനും കാമറകള്‍ പോലീസിന് സഹായകരമാകും.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് രക്ഷപ്പെട്ടവരുടെ വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്താനും കേസുകള്‍ക്ക് തെളിവുണ്ടാക്കാനും ഇതുവഴി കഴിയും. സ്ഥിരമായി മാലപൊട്ടിച്ചു കടന്നുകളയുന്ന സംഘങ്ങളെയും കണ്ടെത്താന്‍ നിരീക്ഷണ കാമറകള്‍ ഉപകരിക്കുമെന്നാണ് പോലീസ് കരുതുന്നത്.
പ്രധാന പാതകളില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് പതിവാണ്. കാമറകള്‍ വഴി ഇത്തരം വാഹനങ്ങള്‍ കണ്ടെത്താനും പിടികൂടാനും തെളിവുകള്‍ ശേഖരിക്കാനും പോലീസിന് കഴിയും. കഴിഞ്ഞവര്‍ഷം മംഗലത്തിനും.പഴയലക്കിടിക്കും മധ്യേ സഹോദരന്മാരായ രണ്ടു യുവാക്കള്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചിരുന്നു.
മണ്ണാര്‍ക്കാടുനിന്നും ജോലികഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ലോറി ഇടിച്ചത്. നിര്‍ത്താതെപോയ വാഹനത്തെ പാതയോരത്തെ കാമറയുടെ സഹായത്തോടുകൂടി പോലീസ് കണ്ടെത്തി. ഇരുചക്രവാഹനങ്ങളില്‍ വന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചു കളയുന്നതും പതിവാണ്.
ഇത്തരക്കാരെ കണ്ടെത്താനും കാമറകള്‍ വഴി പോലീസിനു കഴിയും. പാലക്കാട് ജില്ലയിലെ മുഴുവന്‍ പോലീസ് ജീപ്പുകള്‍ക്ക് മുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ പോലീസ് തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ഒറ്റപ്പാലം സിഐ, എസ് ഐ, എന്നിവരുടെ വാഹനങ്ങളില്‍ നാലുഭാഗത്തേക്കും തിരിച്ചു വച്ച കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
പ്രശ്നബാധിത മേഖലകളില്‍ മേല്പറഞ്ഞ വാഹനങ്ങള്‍ നിര്ത്തിയിട്ടാല്തന്നെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ തെളിവുസഹിതം പിടികൂടാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.