കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാന പോലീസിലെ സബ്സിഡറി സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ നടന്നത് വന്‍ അഴിമതിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
കാന്റീന് മാനേജ്മെന്റിലുണ്ടായിരുന്ന എസ്ഐ റാങ്കിലുള്ള മുന്‍ ഉദ്യോഗസ്ഥന് സര്‍ക്കാരിന് നഷ്ടമുണ്ടാക്കും വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നും 25 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഗുരുതരമായ കുറ്റകൃത്യം നടത്തിയ ഉദ്യോഗസ്ഥനെതിരേ വകുപ്പ്തല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
പോലീസ് ഹെഡ് ക്വാട്ടേഴ്സിന് കീഴില്‍ പ്രത്യേക പദവി വഹിക്കുന്ന റിട്ട. ഐപിഎസ് ഓഫീസറാണ് അടൂര്‍ കെഎപി 3 ബറ്റാലിയനിലെ കാന്റീന് അഴിമതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്. നേരത്തെ ആംഡ് പോലീസ് ബറ്റാലിയന് കമാന്ഡഡ് ജെ.ജയനാഥ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് 28 പേജുള്ള പുതിയ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചത്. അതേസമയം അടൂര്‍ കാന്റീനിലെ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കാന്റീനുകളിലും പരിശോധന നടത്താന്‍ കാന്റീന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
അടൂര്‍ കെഎപിയിലെ എസ്ഐ തസ്തികയിലുള്ള വ്യക്തിയാണ് ഫ്ളോര്‍ ഇന്‍ചാര്‍ജ് എന്ന പേരില്‍ കാന്റീനില്‍ ക്രമക്കേടുകള്‍ നടത്തിയത്. 2019-20 വര്‍ഷങ്ങളില്‍ 90 ശതമാനം പര്‍ച്ചെഴ്സ് ഓര്‍ഡറും ഒപ്പിട്ടിരിക്കുന്നത് ഈ വ്യക്തിയാണ്. എന്നാല്‍ സാധനങ്ങള്‍ ഗോഡൗണില്‍ നിന്ന് വാങ്ങി കാന്റീനില്‍ വയ്ക്കുകയെന്നതാണ് ഫ്ളോര്‍ ഇന്‍ചാര്‍ജിന്റെ ചുമതല.
ഇവിടെ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചിരുന്നത് ഈ തസ്തികയിലുള്ളയാളാണ്. മാനേജറുടെ അസാന്നിധ്യത്തിലാണ് ഫ്ളോര്‍ ഇന്‍ ചാര്‍ജ് തട്ടിപ്പുകള്‍ നടത്തിയത്. കാന്റീനില്‍ നിന്ന് ടെലിവിഷന്‍ ഉള്‍പ്പെടെ 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാതായതിന് പിന്നിലും ഇയാള്‍ക്ക് പങ്കുണ്ട്.
ഇതിന് പുറമേ നാല് ലക്ഷത്തോളം സാധനങ്ങള്‍ അനാവശ്യമായി വാങ്ങിയിരുന്നതായും കണ്ടെത്തി. ചെലാവാകാത്ത സാധനങ്ങളായിരുന്നു ഇപ്രകാരം വാങ്ങിയത്. ഇതിനുള്ള കമ്മീഷനും കൈക്കലാക്കിയിട്ടുണ്ട്.
കാന്റീന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് എട്ട് ലക്ഷം രൂപ വിവിധ കമ്പനിയുടെ വിതരണക്കാരില്‍ നിന്ന് തട്ടിപ്പിലൂടെ കൈപ്പറിയിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇതിന് പുറമേ കാന്റീനില്‍ നിന്ന് 1,85,000 രൂപയും കൈപ്പറ്റിയിട്ടുണ്ട്. പരാതി രജിസ്റ്ററില്‍ ഉത്പന്നത്തിന്റെ ഗുണമേന്മകുറവ് വ്യക്തമായി ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പയറുവര്‍ഗങ്ങളും ധാന്യങ്ങളും ഗുണനിലവാരമില്ലാത്തതാണ്. എന്നാല്‍ ഇതിന് ഉയര്‍ന്ന വിലയാണ് ഈടാക്കിയത്.
ഇതിന് പിന്നിലും അഴിമതി നടന്നിട്ടുണ്ട്. കൂടാതെ 2016-17,2017-18 വർഷങ്ങളിൽ സംസ്ഥാനത്തെ കാന്റീനുക ളിൽ ഓഡിറ്റിംഗ് നടത്തുന്നതിനായി തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ പേരിനു മാത്രം ഓഡിറ്റിംഗ് നടത്തി സ്ഥാപനവും ഗുരുതര വീഴ്ച നടത്തി. സംസ്ഥാനത്തെ എല്ലാ കാന്റീനിലും ഇതുവരെയുള്ള ഓഡിറ്റിംഗ് കാര്യക്ഷമമായിരുന്നില്ല. ഇക്കാരണത്താൽ ഈ കമ്പനിയെ ഓഡിറ്റിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദുര്‍ഭരണവും മോഷണവും ദുരുപയോഗവും ഉള്‍പ്പെടെ പൂര്‍ണമായും അവിശുദ്ധമായ ഇടപെടലുകളായിരുന്നു 2019-20 കാലഘട്ടത്തില്‍ നടത്തിയത്. നിയമാവലി പൂര്‍ണമായും ലംഘിച്ചായിരുന്നു കഴിഞ്ഞ കാലയളവില്‍ കാന്റീന് പ്രവര്‍ത്തിച്ചിരുന്നത്. വിറ്റുവരവും സ്റ്റോക്കും സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല.
കാന്റീന് നടത്തിപ്പ് സുഗമമാക്കുന്നതിനായി പഴുതടച്ച പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫ്ളോര്‍ മാനേജര്‍ക്കെതിരേ ഇപ്പോഴത്തെ മാനേജര്‍ നല്കിയ പരാതി പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.