വടക്കഞ്ചേരി: ജില്ലയിൽ ആദ്യമായി പോലീസ് സ്റ്റേഷൻ മതിൽ ബോധവത്കരണ കാൻവാസാക്കി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ. ഹെൽമറ്റ് പ്രതിരോധമാണ്, തലയിലെ ഭാരം തലതകർക്കില്ല തുടങ്ങിയ ബോധവത്കരണ ടിപ്പുകളാണ് ചിത്രം സഹിതം ടൗണ്‍ റോഡിലെ മതിലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീപീഡനം, മദ്യം, മയക്കുമരുന്ന്, പ്ലാസ്റ്റിക് നിരോധനം, കുട്ടികൾക്കുള്ള സംരക്ഷണനിയമങ്ങൾ, അത്യാവശ്യ ഫോണ്നന്പറുകൾ തുടങ്ങിയവയും വിവിധ വർണങ്ങളിലാണ് മതിലിൽ കുറിച്ചിട്ടുള്ളത്. സ്റ്റേഷനിൽ എത്താതെ തന്നെ ഓണ്‍ലൈൻ വഴി പരാതി നല്‍കുന്നതിനെക്കുറിച്ച് പ്രതിപാദനമുണ്ടെന്ന് ഇതിനു നേതൃത്വം നല്കുന്ന സ്റ്റേഷൻ പിആർഒയും എഎസ്ഐയുമായ കാശിവിശ്വനാഥൻ പറഞ്ഞു.
ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, സി.ഐ.ദീപകുമാർ, എസ്ഐ ആദംഖാൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഈ നൂതനപദ്ധതി. നിത്യജീവിതവുമായി ബന്ധപ്പെട്ട 14 നിയമങ്ങളെ ചുവടുപിടിച്ചുള്ള ചിത്രാവിഷ്കാരവും മതിലിലുണ്ട്്.
വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ ചിൽഡ്രൻസ് ഫ്രണ്ട്്ലി പോലീസ് സ്റ്റേഷനാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.മതിലിനോടു ചേർന്നു യാത്രക്കാർക്കായി പുതിയ ബസ് കാത്തിരിപ്പുകേന്ദ്രവും നിർമിക്കുന്നു. തകർന്ന മതിൽ പൊളിച്ചുനീക്കി ആഴ്ചകൾക്കുമുന്പാണ് പുതിയ മതിൽ നിർമിച്ചത്.
പോലീസ് വകുപ്പുകൾ പ്രതിപാദിക്കുന്ന പുതിയ ലൈബ്രറിയും സ്റ്റേഷനിലെ വിസിറ്റിംഗ് റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിധിയിലെല്ലാം സൈൻ ബോർഡുകൾ സ്ഥാപിക്കാനും നടപടിയായിട്ടുണ്ടെന്ന് എഎസ്ഐ കാശിവിശ്വനാഥൻ അറിയിച്ചു.