കോട്ടയം: പോലീസിന്റെ തൊപ്പിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എഎസ്ഐ മുതൽ സിഐമാർ വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇനിമുതൽ സാഹചര്യങ്ങൾക്കനുസരിച്ചു തുണിത്തൊപ്പിയും ഉപയോഗിക്കാം. ഇതുവരെ സംസ്ഥാന പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥർ, എസ്പിമാർ, മുതിർന്ന ഡിവൈഎസ്പിമാർ എന്നിവർ മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നത്.
കാക്കിത്തൊപ്പി സ്ഥിരമായി തലയിൽ വയ്ക്കുന്നതു മൂലം വിയർപ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പോലീസ് മേധാവിക്കു നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കോട്ടയത്തു നടന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടായത്. തൊപ്പിമാറ്റ ഉത്തരവ് ഉടൻതന്നെ സ്റ്റേഷനുകളിൽ എത്തും.
അതുപോലെ സൈബർ ക്രൈം തടയാനായി പ്രത്യേക സംഘത്തെ നിയമിക്കും. മൂന്നു പേരാകും ഇതിലുണ്ടാകുക. ഇവരെ മൂന്നു വർഷത്തേക്കു മറ്റു സ്ഥാനങ്ങളിലേക്കു മാറ്റില്ലെന്നു ബെഹ്റ പറഞ്ഞു. സുപ്രീം കോടതിവരെ പോകേണ്ടി വന്നാലും ഉദ്യോഗസ്ഥർക്കു പ്രമോഷൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.