കോട്ടയം: പോലീസ് കസ്റ്റഡിയിൽ വച്ചു എസ്ഐയുടെ തൊപ്പി ധരിച്ച സെൽഫി വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച കുമരകം തൈപ്പറന്പിൽ മിഥുനെ (അന്പിളി) ഉടൻ അറസറ്റു ചെയ്തേക്കും. സെൽഫിയെടുക്കാൻ ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തേക്കും. ഇയാൾ സെൽഫി പകർത്തിയ സമയം, സെൽഫിയെടുത്ത സ്ഥലം, ഏതൊക്കെ ഗ്രൂപ്പുകളിലും വ്യക്തികൾക്കും ചിത്രങ്ങൾ അയയ്ച്ചു കൊടുത്തു തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിനാണു ഫോണ് പിടിച്ചെടുക്കുന്നതെന്നു ഈസ്റ്റ് പോലീസ് പറഞ്ഞു.
കുമരകത്തുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണു മിഥുനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചത്. തുടർന്നാണു ഇയാൾ സ്റ്റേഷനിൽ വച്ചു എസ്ഐയുടെ തൊപ്പി അനധികൃതമായി കൈക്കലാക്കി തൊപ്പി വച്ചു സെൽഫി എടുത്തു വാട്സ് ആപ്പിലൂടെ സുഹൃത്തുക്കൾക്കു അയയ്ച്ചു കൊടുത്തത്.
സംഭവം വിവാദമായതോടെ എഎസ്ഐ ഉൾപ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മിഥുനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ഈസ്റ്റ് സിഐ സാജു വർഗീസ്, എസ്ഐ രഞ്ജിത് കെ. വിശ്വനാഥൻ എന്നിവരാണു കേസ് അന്വേഷിക്കുന്നത്.