കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴിത്തര്‍ക്കം സംബന്ധിച്ച പരാതിയുമായി ഒരമ്മ കുഞ്ഞിനൊപ്പമെത്തി. ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിനോട് ആ യുവതി പരാതി പറയുന്നതിനിടെ അവരുടെ മടിയിലിരിക്കുന്ന നാലുവയസുകാരി അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്നു.
പരാതി കേള്‍ക്കുന്നതിനൊപ്പം തൊട്ടു മുന്നിലുളള പേപ്പറില്‍ ഇന്‍സ്പെക്ടര്‍ ഫൈസല്‍ പെന്‍സില്‍ കൊണ്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു. അവരുടെ പരാതികേട്ട് പ്രശ്നപരിഹാരം നടത്താമെന്ന് ഉറപ്പു നല്കി അയയ്ക്കുമ്പോള്‍ അദ്ദേഹം ആ കുഞ്ഞിന്റെ മനോഹരമായ ഒരു കാരിക്കേച്ചര്‍ കൂടി സമ്മാനിച്ചാണ് അയച്ചത്.
കാഞ്ഞിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ എം.എസ്. ഫൈസല്‍ ഒരു മിനിറ്റിനുള്ളില്‍ കാരിക്കേച്ചറുകള്‍ വരച്ച് ഏവരുടെയും മനം കവരുകയാണ്.
ചിത്രരചന പഠിക്കാതെ
കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ എം.എസ്. ഫൈസലിന് കുട്ടിക്കാലം മുതല്‍ കാര്‍ട്ടൂണ്‍ രചനയോട് താല്പര്യം ഉണ്ടായിരുന്നു. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും സ്കൂള്‍ പഠനകാലത്ത് അദ്ദേഹം കൂട്ടുകാരുടെയും അധ്യാപകരുടെയും കാരിക്കേച്ചറുകള്‍ വരച്ച് അവര്‍ക്കൊക്കെ സമ്മാനിച്ചിരുന്നു. കൊച്ചു കുട്ടിയായിരുന്നെങ്കിലും വരയിലെ മികവ് ഫൈസലിന് ഏറെ ആരാധകരെ സമ്മാനിച്ചു. കോളജ് പഠനകാലത്തും തനിക്ക് ഏറെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ രചനയെ കൂടെക്കൂട്ടി. അന്നൊക്കെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളോടായിരുന്നു കമ്പം.
പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ കേശവ്, യേശുദാസന്, ഗഫൂര്‍, ഗോപാലകൃഷ്ണന് എന്നിവരുടെ പത്രങ്ങളില്‍ വന്നിരുന്ന പൊളിറ്റിക്കല്‍ കാര്ട്ടൂണുകള് എന്നും ശ്രദ്ധിക്കുമായിരുന്നു. കോതമംഗലം എംഎ കോളജിലെ പഠനകാലത്ത് അദ്ദേഹം പല രാഷ്ട്രീയക്കാരുടെയും കാര്ട്ടൂണുകള് വരച്ച് കൈയടി നേടി.
തുടര്‍ന്ന് ചിത്രരചന ശാസ്ത്രീയമായി പഠിക്കാന്‍ തിരുവനന്തപുരത്ത് ബിഎഫ്എ കോഴ്സിനു അഡ്മിഷന് നേടി. പക്ഷേ ആ സമയത്തുതന്നെ തിരുവനന്തപുരം ലോ കോളജില്‍ എല്‍എല്‍ബിക്ക് അഡ്മിഷന് കിട്ടിയതോടെ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രരചന പഠനം എന്ന മോഹം പാതിവഴിയില്‍ ഉപേക്ഷിച്ചു. എല്‍എല്‍ബിക്ക് പഠിക്കുന്ന സമയത്ത് എംജി യൂണിവേ്സിറ്റി ആര്‍ട്ട് ഫെസ്റ്റില്‍ ഫൈസല്‍ വരച്ച കാരിക്കേച്ചറുകൾ പലതവണ ഒന്നാം സ്ഥാനം നേടി.
ആ കാരിക്കേച്ചറുകൾ കോളജ് മാഗസിനില്‍ അച്ചടിച്ചുവന്നതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇരട്ടിയായി. രാഷ്ട്രീയ പ്രമുഖരായ കെ. കരുണാകരനെയും മന്മോഹന് സിംഗിനെയുമെല്ലാം ഒരു മിനിറ്റിൽ അദ്ദേഹം വരച്ചു.
എക്സൈസിലേക്ക്
പഠനശേഷം എക്സൈസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും കിട്ടുന്ന സമയത്തെല്ലാം ഫൈസല്‍ കാരിക്കേച്ചറുകള്‍ വരച്ച് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിച്ചു. എക്സൈസ് കലാമേളകളിലെല്ലാം ഫൈസലിന്റെ കാര്ട്ടൂണുകള് നിരവധിത്തവണ ഒന്നാം സ്ഥാനം നേടി. എക്സൈസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹം കാര്ട്ടൂണികളിലൂടെയും കാരിക്കേച്ചറുകളിലൂടെ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി.
പോലീസ് ജീവിതം
2014 ലാണ് പോലീസ് സേനയുടെ ഭാഗമായത്. അതോടെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ രചന ഉപേക്ഷിച്ചു. കണ്ണൂര്‍, തലശേരി, പാനൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന സമയത്ത് ഫൈസല്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും എസ്പിസി കേഡറ്റുകള്ക്കുമൊക്കെ ലഹരിവിരുദ്ധ ക്ലാസുകളും മറ്റും എടുക്കുമ്പോള്‍ കാര്‍ട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും ഓരോന്നും അവതരിപ്പിക്കുമായിരുന്നു. ഓരോ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് കാരിക്കേച്ചറുകളിലൂടെ വരച്ചു കാണിക്കാറുണ്ട്.
ക്ലാസ് കേട്ടിരിക്കുന്ന വിരസത ഒഴിവാക്കി ലളിതമായി കാര്യങ്ങള്‍ മനസിലാക്കാന്‍ കാരിക്കേച്ചറുകള്‍ക്ക് കഴിയുമെന്ന് ഇന്‍സ്പെക്ടര്‍ ഫൈസല്‍ പറയുന്നു. മുമ്പ് കണ്ണൂരില്‍ ജോലി ചെയ്യുന്ന സമയത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കാരിക്കേച്ചര്‍ വരച്ചു നല്കി ഫൈസല്‍ മന്ത്രിയുടെ പ്രശംസ നേടിയിരുന്നു.
ജോലിയുടെ ഇടവേളകളില്‍ കിട്ടുന്ന സമയത്തെല്ലാം ഇന്‍സ്പെക്ടര്‍ ഫൈസല്‍ കാരിക്കേച്ചറുകള്‍ വരയ്ക്കും. അതൊക്കെ സുഹൃത്തുക്കള്‍ക്കും സ്റ്റേഷനിലെത്തുന്നവര്ക്കുമൊക്കെ സമ്മാനിക്കാറുണ്ട്. ജോലിത്തിരക്കുകൾക്കി ടയിലും കാരിക്കേച്ചര്‍ രചന തന്റെ മനസിനു സന്തോഷം നല്‍കുന്നതാണെന്ന് ഇന്‍സ്പെക്ടര്‍ ഫൈസല്‍ പറയുന്നു.
എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ നിതൃസൗഹൃദ സന്ദര്‍ശകനായ പെരുമാനൂര്‍ സിക്ക് ഗുരുദ്വാര പ്രസിഡന്റ് ബാബുജി എന്ന അവതാര്‍ സിംഗിന്റെ കാരിക്കേച്ചര്‍ ഇദ്ദേഹം ഒരുമിനിറ്റിനകം വരച്ചു നല്കി കൈയടി നേടിയിരുന്നു. കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലം മാറി പോയപ്പോള്‍ ഇന്‍സ്പെക്ടര്‍ ഫൈസലിന് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലൊരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും അദ്ദേഹം കാരിക്കേച്ചറുകള്‍ വരച്ചു സമ്മാനിക്കുകയുണ്ടായി.
കുടുംബം
ഭാര്യ: നിഷ. മക്കള്‍: സ്കൂള്‍ വിദ്യാര്‍ഥികളായ സൈനുല്‍ ആബിദ്, ഫാരിദ് സമാന്, ഫാത്തിമ സഹ്റ. നാലാംക്ലാസുകാരിയായ മകള്‍ ഫാത്തിമ സഹ്റയും നന്നായി ചിത്രം വരയ്ക്കും.
സീമ മോഹന്‍ലാല്‍