കണ്ണൂർ: ഓട്ടോറിക്ഷ തൊഴിലാളി നേതാവിനെ കള്ളക്കേസിൽ കുടുക്കി 24 മണിക്കൂർ ലോക്കപ്പിലിട്ടുവെന്ന പരാതിയിൽ എസ്ഐയെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകി. കണ്ണൂർ ടൗൺ സ്റ്റേഷനിലെ മുൻ എസ്ഐ പി.ആർ മനോജിനെതിരേ സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണൻ നൽകിയ പരാതിയിലാണു വിചാരണ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്.
2011ൽ നടന്ന സംഭവത്തിൽ എസ്ഐയെ വിചാരണ ചെയ്യാൻ അനുമതി തേടി അക്കാലത്തു തന്നെ പരാതിക്കാരൻ അപേക്ഷ നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയത്. പരാതിക്കാരനുമേൽ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പോലീസ് കള്ളക്കഥകൾ കെട്ടിച്ചമച്ചതായി കരുതാവുന്നതാണെന്ന് ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറി എസ്. ഉദയകുമാറിന്റെ ഉത്തരവിൽ പറയുന്നു.
2011 ഫെബ്രുവരി രണ്ടിനു കണ്ണൂർ ജെഎസ് പോൾ കോർണറിൽ നിന്നാണു ലക്ഷ്മണനെ ഓട്ടോ സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. പാർക്കിംഗ് നിരോധിച്ച സ്ഥലത്ത് ഓട്ടോ നിർത്തിയിട്ടെന്ന് ആരോപിച്ച് എസ്ഐ 100 രൂപ പിഴ ആവശ്യപ്പെട്ടതാണു സംഭവത്തിനു തുടക്കം. താൻ നിയമം ലംഘിച്ചിട്ടില്ലെന്നും പിഴ അടയ്ക്കില്ലെന്നും ലക്ഷ്മണൻ പറഞ്ഞതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി.
24 മണിക്കൂർ ലോക്കപ്പിലിരുത്തിയ ശേഷമാണു കോടതിയിൽ ഹാജരാക്കിയത്. അനധികൃത പാർക്കിംഗിനു പുറമെ പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനും കേസെടുത്തിരുന്നു. എന്നാൽ കോടതി ലക്ഷ്മണനെ ജാമ്യത്തിൽ വിടുകയും പിന്നീട് വിചാരണയ്ക്കു ശേഷം തെളിവില്ലെന്നു കണ്ട് കേസ് തള്ളുകയും ചെയ്തു. ലക്ഷ്മണൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു.