ചേർത്തല: മദ്യപിച്ച് ബൈക്കോടിച്ചതിനെ പരിഹസിച്ചതിന് യുവാവിന്റെ മൂക്കിടിച്ച് തകർത്ത സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടിയില്ലെന്ന് പരാതി. ചെത്തി അറയ്ക്കൽ അനീഷിനെ ആക്രമിച്ച കേസിൽ മാരാരിക്കുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസൽ എ.യേശുദാസിനെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരെയും പ്രതികളാക്കി അർത്തുങ്കൽ പോലീസ് കേസെടുത്തെങ്കിലും തുടർനടപടികളില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ 21ന് നടന്ന സംഭവത്തിൽ അർത്തുങ്കൽ പോലീസ് കേസെടുക്കുവാൻ തയാറാവാതിരുന്നതോടെ അനീഷ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പിൽ പോലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടില്ല. മാത്രമല്ല പ്രതിയായ ഉദ്യോഗസ്ഥൻ ഇപ്പോഴും ജോലിയിൽ തുടരുകയുമാണ്.
തെളിവുകൾ ശേഖരിച്ചകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പൂർത്തിയാക്കുവാൻ സമയമെടുക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അർത്തുങ്കൽ എസ്ഐ ജിജിൻ ജോസഫ് പറയുന്നത്. എസ്ഐയുടെ റിപ്പോർട്ട് കിട്ടിയാൽ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുമെന്നുമാണ് ഡിവൈഎസ്പി എ.ജി ലാലിന്റെ വിശദീകരണം.
യേശുദാസിന്റെ ബന്ധുവിന്റെ വിവാഹവീടിനു മുന്നിലെ റോഡിൽ അനീഷ് ബൈക്കുമായി നിൽക്കുന്പോൾ യേശുദാസ് ഉൾപ്പെടെ മൂന്ന് പേർ കയറിയ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞുവീണിരുന്നു. ഈ സമയം പോലീസുകാർക്ക് എന്തുമാകാമല്ലൊ എന്നു ചോദിച്ചതിന്റെ പേരിൽ അനീഷിനെ മർദിച്ചതായാണ് പരാതി. മൂക്കിന്റെ പാലം തകർന്നും കാലിന്റെ അസ്ഥിക്ക് പൊട്ടലേറ്റും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആദ്യം കേസ് എടുക്കാൻ പോലും പോലീസ് തയ്യാറായില്ല.