കണ്ണൂർ: വധശ്രമക്കേസ് അന്വേഷിക്കാൻ വീട്ടിലെത്തിയ എസ്ഐക്കും പോലീസുകാർക്കും നേരേ വെടിവച്ച സംഭവുമായി ബന്ധപ്പെട്ട വധശ്രമ കേസിലെ പ്രതി റോഷനെ തപ്പി പോലീസ് അയൽ സംസ്ഥാനത്തേക്ക്.
എസിപി ടി.കെ. രത്നകുമാറിന്റെയും വളപട്ടണം എസ്എച്ചഒ എം.ടി. ജേക്കബിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. റോഷന് കണ്ണൂർ ജില്ലയില്‍ ഇല്ലെന്നും കേരളം വിട്ടതായി ഉറപ്പായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതിയുടെ വീട്ടിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും രണ്ടില്‍ കൂടുതല്‍ വാതിലുകള്‍ ഉള്ളതാണ് റോഷൻ രക്ഷപ്പെടാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.
പുറത്ത് നിന്ന് എത്തുന്നയാള്‍ക്ക് വീടിന്റെ ഘടന പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കില്ല. ഇയാള്‍ക്ക് കേരളത്തിന് പുറത്ത് ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഉണ്ട്.
ബന്ധുക്കളുടെ സഹായത്താലാണ് ഇയാള്‍ ഒളിവില്‍ പോയത്. ബന്ധു വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കർണാടക, തമിഴ്നാട്, ഗോവ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ചിറക്കല്‍ ചിറയ്ക്ക് സമീപം ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍ തോമസാണ് പോലീസിന് നേരെ വെടിവച്ചത്.
ബാബുവിന്റെ മകൻ റോഷൻ പ്രതിയായ വധശ്രമക്കേസ് അന്വേഷണത്തിന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ എത്തിയ വളപട്ടണം സ്റ്റേഷനിലെ എസ്ഐ നിധിനും സംഘത്തിനും നേരെയാണ് വെടിയുതിർത്തത്. ഒഴിഞ്ഞ് മാറിയതിനാലാണ് പോലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
പ്രതി ബാബു ഉമ്മൻ തോമസിനെ രണ്ട് ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്താലെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുവെന്ന് അന്വേഷണ സംഘം പറഞ്ഞു.
പ്രതിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രണ്ട് തോക്കുകളുടെയും സംഭവ സ്ഥലത്തും പോലീസ് വിദഗ്ദ പരിശോധന നടത്തി. കോടതിയിൽ നിന്ന് അനുമതി വാങ്ങിയ ശേഷം തോക്കുകൾ ബാലിസ്റ്റിക്, ഫോറൻസിക് പരിശോധനയ്ക്കായി അയക്കും.
തോക്കിന് ലൈസൻസ് ഉണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വധ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്ത എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പോലീസ് ആരോപിക്കുന്നത്.
സിസിടിവി നിർണായകം
പ്രതി ബാബു ഉമ്മൻ തോമസിന്റെ വീട് അക്രമിച്ചു തകർത്തുവെന്ന കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമാകും. സിസിടിവി ദൃശ്യങ്ങൾ അക്രമികൾ തകർത്തുവെന്നാണു വീട്ടുകാർ പറയുന്നതെങ്കിലും അതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങൾ ഹാർഡ് ഡിസ്കിൽ ഉണ്ടാകും.
ഈ ഹാർഡ് ഡിസ്ക് വിട്ട് കിട്ടാൻ പോലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. വീട്ടുകാർ ആരോപിക്കുന്നത് പോലീസിന്റെ കൂടെ ഗുണ്ടകളും ഉണ്ടായിരുന്നുവെന്നാണ്. ഹാർഡ് ഡിസ്ക് കിട്ടിയാൽ അത് വ്യക്തമാകുമെന്നും അന്വേഷണ സംഘം പറഞ്ഞു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ നോക്കാനായിട്ടില്ലെന്നും രണ്ട് സിസിടിവി ക്യാമറകൾ അക്രമികൾ തകർത്തുവെന്നും പ്രതി ബാബു ഉമ്മൻ തോമസിന്റെ ഭാര്യ ലിൻഡ ആരോപിച്ചു.