പയ്യന്നൂര്‍: ബന്ധുക്കള്‍ അവഗണിക്കുന്നുവെന്ന ആരോപിച്ച് ചീമേനി സ്വദേശിയായ വയോധികന്റെ ആത്മഹത്യാശ്രമം. ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വാദി പ്രതിയായി.ശനിയാഴ്ച രാവിലെ ഒമ്പതോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവങ്ങളുടെ തുടക്കം.
മക്കള്‍ ഉൾപ്പെടെയുള്ള ബന്ധുക്കള്‍ പ്രായമായ തന്നെ അവഗണിക്കുന്നുവെന്നും നോക്കുന്നില്ലെന്നുമുള്ള ആരോപണങ്ങളുമായാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനായി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. റെയില്‍പാളത്തില്‍ നിന്ന വയോധികനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് അനുനയിപ്പിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റി.
തുടർന്ന് പയ്യന്നൂര്‍ പോലീസ് വയോധികനെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഉടന്‍ സ്റ്റേഷനിലെത്താന്‍ മക്കള്‍ക്കും മറ്റും വിവരവും നല്കി. ഇതിനിടയില്‍ മക്കളെ നല്ലരീതിയില്‍ വളര്‍ത്താന്‍ താന്‍ നടത്തിയ ഗള്‍ഫ് യാത്രകളുടെ കഥകള്‍ ഇദ്ദേഹം പോലീസിനോട് വിവരിച്ചു.
സ്റ്റേഷനിലെത്തിയ മക്കള്‍ തങ്ങള്‍ പിതാവിനായി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഓരോന്നായി നിരത്തി. മക്കൾ നല്കുന്ന പണം തീരുന്നതുവരെ വീട്ടിലെത്താറില്ലെന്നും ലോഡ്ജുകളിലാണ് താമസമെന്നും ഉദാഹരണ സഹിതം പറഞ്ഞതോടെ പോലീസിന് കാര്യങ്ങള്‍ വ്യക്തമായി. വയോധികന് പിന്നീട് സഹോദരിയുടെ വീട്ടിലേക്കാണ് പോയത്.