നവാസ് മേത്തര്‍
തലശേരി: ഒരു കുടുംബത്തിലെ അംഗങ്ങളും വ്യാപാരികളുമായ സഹോദരങ്ങളില്‍ ഒരുവന് കടയ്ക്കുള്ളില്‍ വെച്ച് കൊല്ലപ്പെടുക, മറ്റൊരാള്‍ സഹോദരന് കൊല്ലപ്പെട്ട കടയ്ക്കു മുന്നില്‍ വെച്ച് തന്നെ കൊള്ളയടിക്കപ്പെടുക. തലശേരി നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന ഈ രണ്ട് സംഭവങ്ങളിലേയും പ്രതികള്‍ ഇന്നും കാണാമറയത്ത്. ഇതിനൊപ്പം തന്നെ നഗരമധ്യത്തിലെ ശ്മശാനം തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും പോലീസിന് പിടിക്കാൻ കഴിഞ്ഞിട്ടില്ല.
തലശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റിട്ട. വിജിലന്‍സ് സ്പെഷല്‍ ജഡ്ജിയുടെ മുന്നില്‍ വെച്ച് യുവാവ് കൊള്ളയടിക്കപ്പെട്ട സംഭവത്തിനും ഇതുവരെ തുമ്പില്ല. അതിക്രമത്തിനിരയായ യുവാവിന്റെ സങ്കടം കണ്ട് തലശേരി എരഞ്ഞോളി സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ റിട്ട. ജഡ്ജി യുവാവിനെ കൂട്ടി നേരെ സ്റ്റേഷനിലെത്തുകയും യുവാവിനെ കൊണ്ട് പരാതി എഴുതി കൊടുപ്പിക്കുകയും ചെയ്തിരുന്നു.
ഈ പരാതിയില്‍ പോലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായത്. പോലീസിന്റെ നിര്ജീവാവസ്ഥ തുടരുമ്പോള്‍ ജനങ്ങളിൽ ഭീതി പരത്തി കൊണ്ട് ബ്ലാക്ക് മാനും രംഗത്തെത്തിട്ടുണ്ട്. പല സ്ഥലത്തും ബ്ലാക്ക്മാന് പ്രത്യക്ഷപ്പെട്ട വിവരം നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്.തലശേരി ട്രാഫിക് പോലീസ് സ്റ്റേഷനു വിളിപ്പാടകലെ മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശൻ (52) കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷവും മൂന്ന് മാസവും പിന്നിടുകയാണ്.
ദിനേശന്റെ സഹോദരനും പള്ളൂര്‍ സ്റ്റാര്‍ ജ്വല്ലറി ഉടമയുമായ പ്രദീപന് കൊള്ളയടിക്കപ്പെട്ടിട്ട് രണ്ട് മാസം കഴിയുന്നു.പള്ളൂരിലെ ജ്വല്ലറിയും പൂട്ടി 50 പവന് സ്വർണാഭരണങ്ങളുമായി മെയിന്‍ റോഡിലെ സഹോദരന്റെ കടയിലേക്ക് വന്ന പ്രദീപനെ വാദ്ധ്യാര് പീടികക്ക് സമീപം വെച്ച് ബൈക്കിലെത്തിയ സംഘം മുളക് പൊടി വിതറി കൊള്ളയടിക്കുകയായിരുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍ ബൈക്കിലെത്തിയവരാണ് കൊള്ള നടത്തിയതെന്ന് മാത്രമാണ് പോലീസിന് കണ്ടെത്താനായിട്ടുള്ളത്. ദിനേശന് കൊല്ലപ്പെട്ട കടയ്ക്കു മുന്നില്‍ വെച്ചാണ് സഹോദരനായ പ്രദീപന് കൊള്ളയടിക്കപ്പെട്ടത്.
ശക്തമായി പ്രവര്‍ത്തിച്ചിരുന്ന സിഡി പാര്‍ട്ടികള്‍ ഇല്ലാതായത് കവര്‍ച്ചാ സംഘങ്ങള്‍ക്ക് തലശേരിയും പരിസര പ്രദേശങ്ങളും സുരക്ഷിത കേന്ദ്രങ്ങളായി മാറാന്‍ കാരണമായിട്ടുണ്ട്. എസ്ഐക്കും സിഐക്കും ഡിവൈഎസ്പിക്കുമെല്ലാം പ്രത്യേകം സ്ക്വാഡുകൾ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഈ സ്ക്വാഡുകളൊന്നും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
പൊന്ന്യം ബാങ്ക് കവര്‍ച്ചയും ചേലോറ ബാങ്ക് കവര്‍ച്ചയും ഉള്‍പ്പെടെ കേരളത്തിന് വന്‍ കൊള്ളകള്‍ തെളിയിച്ചിട്ടുള്ള സംഘത്തിലെ പ്രധാന അംഗങ്ങില്‍ ഭൂരിഭാഗം പേരും തലശേരി പോലീസ് സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ ഇന്ന് സിഡി പാര്‍ട്ടിയുടെ പ്രവര്‍ത്തനം നിലച്ചതോടെ മോഷ്ടാക്കളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചിരുന്ന സംവിധാനമാണ് ഇല്ലാതായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ജനുവരി ഒൻപതിനാണ് ബ്ലാക്ക്മാന് എന്നറിയപ്പെടുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി രാജപ്പനെ അന്നത്തെ ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡ് ചെയ്യപ്പെട്ട രാജപ്പന് ഏതാനും മാസം മുമ്പ് ജാമ്യത്തിലിറങ്ങിയിട്ടുമുണ്ട്.
ഷര്‍ട്ടും മുണ്ടും ഊരി അരയില്‍ കെട്ടിയ ശേഷം ട്രൗസര്‍ ധരിച്ചാണ് രാജപ്പന് കവര്‍ച്ചക്കെത്തുക. ആദ്യം ഈ വേഷത്തില്‍ രാത്രികാലങ്ങളില്‍ നാട്ടില്‍ ഇറങ്ങി നടന്ന് ആളുകളില്‍ ഭീതി സൃഷ്ടിച്ച ശേഷമാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നത്. വീണ്ടും രാജപ്പന് രംഗത്തെത്തുകയും രണ്ട് തവണ രാജപ്പനെ വലയിലാക്കിയ സിഡി പാര്‍ട്ടി രംഗത്തില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഇനി രാജപ്പന്റെ ദിനങ്ങള്‍ കടന്നു വന്നാല്‍ സംശയിക്കേണ്ടതില്ല.
ദിനേശന്റെ കൊലപാതകം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷം ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ആദ്യം തലശേരി റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് കേസന്വേഷിച്ചിരുന്ന സിബിഐ സംഘം ഇപ്പോള്‍ തിരുവനന്തപുരം ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വാഷണം നടത്തുന്നത്.
നൂറുകണക്കിന് ആളുകളെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. എന്നാല്‍ കേസില്‍ ഇതുവരെ ആരേയും പിടികൂടാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. 2014 ഡിസംബര്‍ 23ന് രാത്രിയാണ് എട്ടോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടത് നിലയില്‍ കണ്ടെത്തിയത്.