വനിതാ പോലീസുകാരുടെ തന്ത്രം! ശൃംഗാരവര്‍ത്തമാനത്തില്‍ വീണ് പിടികിട്ടാപ്പുള്ളി എത്തപ്പെട്ടത് പോലീസ് മടയില്‍; കൂത്തുപറമ്പില്‍ പോലീസ് വലവിരിച്ചത് ഇങ്ങനെ…

Vanitha-Policeകൂത്തുപറമ്പ്: കേസില്‍ പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുകയായിരുന്ന യുവാവിനെ വനിതാ പോലീസ് തന്ത്രപൂര്‍വം ഫോണ്‍ വിളിയിലൂടെ വലയിലാക്കി. വനിതാ പോലീസാണെന്നറിയാതെ ഫോണില്‍ ശൃംഗാര സംഭാഷണങ്ങള്‍ നടത്തി ഒടുവില്‍ നേരിട്ട് കാണാന്‍ എത്തിയപ്പോള്‍ പുരുഷ പോലീസടങ്ങുന്ന സംഘം ഇയാളെ പിടികൂടുകയായിരുന്നു. എളയാവൂര്‍ സ്വദേശിയായ ഷിനോജ് (44) ആണ് പേരാവൂര്‍ സ്‌റ്റേഷനിലെ വനിതാ പോലീസ് വിരിച്ച വലയില്‍ കുടുങ്ങിയത്.

ആദ്യ ഭാര്യ നല്കിയ സ്ത്രീ പീഡന കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കൂത്തുപറമ്പ് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് ഇയാളെ പിടികൂടാന്‍ പോലീസ് ശ്രമം നടത്തി വരികയായിരുന്നു. അങ്ങിനെയാണ്  പോലീസാണെന്നുവ്യക്തമാക്കാതെ വനിതാ പോലീസ് ഷിനോജിന്റെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയത്. ഫോണ്‍വിളിയില്‍ വീണ യുവാവിനോടു കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് വരാന്‍ പറയുകയായിരുന്നു.

ആളെ തിരിച്ചറിയാന്‍ വനിതാ പോലീസ് നല്കിയ രൂപസാദൃശ്യങ്ങള്‍ മനസിലാക്കി അടുത്തെത്തിയ യുവാവിനെ കാത്തു നിന്ന പോലീസ്‌സംഘം കൈയോടെ പിടികൂടുകയായിരുന്നു. പേരാവൂര്‍ എസ്‌ഐ പി.കെ. ദാസ്, എഎസ്‌ഐ നാസര്‍ പൊയിലന്‍, സിവില്‍ ഓഫീസര്‍മാരായ ബൈജു, വിനോദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

Related posts