കോഴിക്കോട്: കുട്ടികളോടുള്ള സ്നേഹം ചെറുപ്രായത്തിൽ ബൈക്ക് വാങ്ങി നൽകിയാകരുതെന്ന മുന്നറിയിപ്പുമായി പോലീസ്. കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് രക്ഷിതാക്കൾക്കു പോലീസ് മുന്നറിയിപ്പ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷാകര്ത്താക്കള്ക്കെതിരേ കേസ് എടുക്കുമെന്നും പോലീസ് പറയുന്നു.
മുന്നറിയിപ്പ് ഇങ്ങനെ- പത്താം ക്ലാസ് കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് ‘എനിക്ക് ബൈക്ക് വാങ്ങിത്തരുമോ ’എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും മുതിര്‍ന്നവര്‍ അവ ഓടിക്കുന്നതു കാണുമ്പോഴുള്ള ആവേശവും കുട്ടികള്‍ക്കു പ്രലോഭനമാകുന്നു.
ഒപ്പം രക്ഷിതാക്കള്‍ക്കു പരിഭ്രമവും. ഉപദേശവും ശാസനയും കുട്ടികളുടെ നിർബന്ധബുദ്ധിക്കു മുന്നില്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ്. മക്കളോടുള്ള വാല്സല്യത്തിന് മുന്നില്‍ ഗത്യന്തരമില്ലാതെ വണ്ടി വാങ്ങിക്കൊടുക്കുകയാണ് രക്ഷിതാക്കളിൽ ചിലർ.
പ്രായപൂര്‍ത്തിയാകാത്തവര്‍ ബൈക്കുകളും സ്കൂട്ടറുകളും അമിത വേഗത്തിലും നിയമങ്ങള്‍ പാലിക്കാതെയും കൂടുതല്‍ ആളുകളെ കയറ്റിയും ഓടിക്കുന്നതു വ്യാപകമാണ്. 18 വയസിനു മുന്‍പ് മക്കൾക്കു ബൈക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കുട്ടികളുടെ പിടിവാശിക്കു മുന്നില്‍ അടിയറവ് പറയാതെ അപകടങ്ങളെക്കുറിച്ചും പ്രായപൂര്‍ത്തി ആയ ശേഷം മാത്രം ഇരുചക്ര വാഹനം ഓടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ പറഞ്ഞു മനസിലാക്കുക.
കളിച്ചും ചിരിച്ചും നമ്മോടൊപ്പം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ ജീവന് അപകടത്തില്‍ പൊലിയാതിരിക്കട്ടെ. കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍ക്കും നിയമലംഘനങ്ങള്‍ക്കുമെതിരേ രക്ഷാകര്ത്താക്കള്ക്കെതിരേ/ വാഹന ഉടമക്കെതിരേ നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു.