സന്നിധാനത്ത് പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു

sabaripoliceശബരിമല: സന്നിധാനത്ത് സേവനത്തിനായി കേരള പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. ഓഫീസര്‍മാരെ കൂടാതെ 1800 പോലീസുകാരാണ് ഇന്നലെ പുതുതായി ജോലിയില്‍ പ്രവേശിച്ചത്.

സന്നിധാനത്തെ തിരക്ക് കൂടുന്നതിനനുസരിച്ച് അയ്യപ്പഭക്തരുടെ സുഗമമായ ദര്‍ശനം ഉറപ്പുവരുത്താന്‍ പോലീസിന് ബാധ്യതയുണ്ടെന്ന് പുതിയ ബാച്ചിനെ അഭിസംബോധനചെയ്ത് ഡിഐജി പി.വിജയന്‍ പറഞ്ഞു. ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എന്നിവരുമായി ചേര്‍ന്നാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. 32 വകുപ്പുകളുമായി സഹകരിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതായി സുരക്ഷാചുമതലയേറ്റ ബാച്ചില്‍ ഒരു എസ്പി, ഒരു എഎസ്പി, 19 ഡിവൈഎസ്പിമാര്‍, 36 സിഐമാര്‍, 1520 പോലീസുകാര്‍ എന്നിവര്‍ ഡ്യൂട്ടിയ്ക്കുണ്ട്. കമാന്‍ഡോ വിഭാഗത്തിന് രണ്ടു ഇന്‍സ്‌പെക്ടര്‍മാര്‍, നാല് എസ്‌ഐമാര്‍ 42 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ക്വിക് റെസ്‌പോണ്‍സ് ടീമില്‍ രണ്ട് എസ്‌ഐ, 30 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ബോംബ് സ്ക്വാഡില്‍ ഒരു സിഐ, ആറ് എസ്‌ഐ, 110 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ വിന്യസിച്ചിട്ടുണ്ട്.

ഒരു സിഐയുടെ നേതൃത്വത്തിലാണ് പോലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഒരു സിഐ, പത്ത് എസ്‌ഐമാര്‍, ആറ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരും ഈ വിഭാഗത്തിലുണ്ട്. ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ 20 പോലീസുകാരുടെ സേവനമാണ് സന്നിധാനം പോലീസ് സ്‌റ്റേഷനിലുള്ളത്.

ഇന്റലിജന്‍സ് വിഭാഗം ഡിവൈഎസ്പിയുടെ കീഴില്‍ 19 മറ്റ് സേനാംഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഷാഡോ പോലീസ് വിഭാഗത്തില്‍ നാല് എസ്‌ഐമാരും ആറ് സിവില്‍ പോലീസ് ഓഫീസറുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനകാലവധി 29 വരെയാണ്. സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ എന്‍. വിജയകുമാര്‍, കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts