കോഴിക്കോട്: അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവരെ ‘തളയ്ക്കാൻ’ നെടുനീളൻ ചങ്ങലപ്പൂട്ടുമായി ട്രാഫിക് പോലീസ്. മാളുകളുടെ മുൻഭാഗത്തെ ഫുട്പാത്തുകൾ, റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡ്, മാവൂർ റോഡ്, രാജാജി റോഡ്. കല്ലായ്റോഡ്, തുടങ്ങി വിവധയിടങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുന്നതിനാണ് പോലീസിന്റെ കത്രികപ്പൂട്ട്, ചങ്ങലപ്പൂട്ട് പ്രയോഗം. ഇന്നലെ മാവൂർറോഡിലെ എമറാൾഡ് മാളിനു മുന്നിലെ ഫുട്പാത്തിൽ പാർക്കുചെയ്ത ഡസനിലധികം ഇരുചക്രവാഹനങ്ങൾ ചങ്ങലപ്പൂട്ടിൽ കുരുങ്ങി.
ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തി 600 രുപ വീതം പിഴയടച്ചതിനുശേഷമേ ഇവർക്ക് വാഹനം മോചിപ്പിക്കാനായുള്ളൂ. എല്ലാ മാളുകൾക്കും പാർക്കിംഗ് ഏരിയ ഉണ്ടെങ്കിലും ഫീസ് നൽകേണ്ടതിനാൽ ആളുകൾ ഫുട്പാത്തിലും മറ്റുമാണ് വാഹനം നിർത്തിയിടുക. ഇത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടും റോഡിൽ വാഹനക്കുരുക്കും ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെതുടർന്നാണ് കർശന നടപടിയുമായി ട്രാഫിക് പോലീസ് രംഗത്തിറങ്ങിയത്.
മാവൂർറോഡിലെയും, രാജാജി റോഡിലെയും മാളുകൾക്ക് മുന്നിൽ പോലീസ് നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും ഫുട്പാത്തുകളിലാണ് പലരും വാഹനം പാർക്കുചെയ്യുന്നത്. മാളുകളിലെ എസിയുടെ തണുപ്പ് ലക്ഷ്യമിട്ട് ചുറ്റിക്കറങ്ങാനെത്തുന്ന യുവാക്കളാണ് ഈവിധം നോ പാർക്കിംഗ് മേഖലയിൽ പാർക്കുചെയ്യുക. 600 രൂപ കൈവശമില്ലാത്തതിനാൽ പലരുടെയും വാഹനങ്ങൾ വൈകുന്നരം വരെ മോചിപ്പിക്കാനായില്ല. പിഴയടച്ചാലും മണിക്കൂറുകൾക്കു ശേഷമെ പോലീസെത്തി ചങ്ങലയുടെ പൂട്ട് അഴിക്കൂ.
എസി മാളിലെ ചുറ്റിക്കറങ്ങൽ കഴിഞ്ഞ് തിരിച്ചെത്തുന്പോഴാണ് വാഹനം ചങ്ങലയിൽ കുടുങ്ങിയ വിവരം അറിയുക. പിഴതുക കണ്ടെത്താൻ പിന്നെ നെട്ടോട്ടമായിരിക്കും. കെഎസ്ആർടിസി സമുച്ചയത്തിനു മുന്നിലെ ഫുട്പാത്തിൽ കാറുകൾ പാർക്കുചെയ്യുന്നവരും ഇങ്ങനെ കുടുങ്ങാറുണ്ട്. വാഹനത്തെ കത്രികപ്പൂട്ടിൽനിന്നു മോചിപ്പിക്കാൻ മണിക്കൂറുകളുടെ പ്രയത്നമുണ്ട്.
റെയിൽവെ സ്റ്റേഷനിലെ പാർക്കിങ്ങ് ഫീസ് അടുത്തിടെ കുത്തനെ വർധിപ്പിച്ചതിനാൽ പലരും ലിങ്ക് റോഡിലാണ് വാഹനം പാർക്കുചെയ്യുക. പൂട്ടിൽ കുടുങ്ങുന്നതിനാൽ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാലും മണിക്കൂറുകൾ കഴിഞ്ഞുമാത്രമെ വാഹനമോടിച്ച് മടങ്ങിപ്പോകാനാകൂ.