കാസര്‍ഗോഡ്: പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കുമ്പള പേരാല്‍ സ്വദേശി പരേതനായ അബ്ദുള്ളയുടെയും സഫിയയുടെയും മകനും അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഫര്‍ഹാസ് (17) ആണ് മരിച്ചത്.
മംഗളൂരുവില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 4.30ഓടെ കളത്തൂര്‍ പള്ളത്തായിരുന്നു മരണം. സംഭവത്തില്‍ അപകടത്തിന് കാരണക്കാരായ പോലീസുകാരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട് നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അമ്മ സഫിയ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശകമ്മീഷനും നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 25നാണ് അപകടമുണ്ടായത്. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് സഹപാഠികള്‍ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു ഫര്‍ഹാസ്. കത്തീബ് നഗറില്‍ വച്ച് കാറിന് പോലീസ് കൈകാണിച്ചതായും നിര്‍ത്താതെ പോയ കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.
എന്നാല്‍, കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്തിയിരുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന് കാറിന്റെ ഡോറില്‍ ചവിട്ടുകയും ചീത്തവിളിക്കുകയും ചെയ്തപ്പോള്‍ ഇവര്‍ ഭയന്ന് കാര്‍ പെട്ടെന്ന് ഓടിച്ചുപോയപ്പോള്‍ പോലീസ് പിന്തുടരുകയും ആറു കിലോമീറ്റര്‍ അകലെയുള്ള കളത്തൂരില്‍ കാര്‍ തലകീഴായി മറിയുകയുമാണ് ചെയ്തതെന്ന് സഫിയ നല്കിയ പരാതിയില്‍ പറയുന്നു.
അപകടത്തില്‍ ഫര്‍ഹാസിന്റെ സ്പൈനല്‍ കോഡ് തകര്‍ന്നു. കാറിലുണ്ടായിരുന്ന മറ്റു നാലുപേര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസ് കാറിനെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു.
വാഹനം ഓടിച്ച വിദ്യാര്‍ഥിക്ക് ലൈസന്‍സ് ഇല്ലെന്നാണ് പോലീസ് ആദ്യം പറഞ്ഞതെന്നും പിറ്റേന്നുതന്നെ വിദ്യാര്‍ഥി ലൈസന്‍സ് അടക്കമുള്ള മുഴുവന്‍ രേഖകളും സ്റ്റേഷനില്‍ ഹാജരാക്കിയെന്നും പരാതിയില്‍ പറയുന്നു.
പിന്നീട് വാഹനത്തിന്റെ ഉടമ ക്രിമിനലാണെന്ന് പോലീസ് പറഞ്ഞെങ്കിലും ഇയാള്‍ക്കെതിരേ ഒരു പെറ്റിക്കേസ് പോലും നിലവിലില്ലെന്നും തെളിഞ്ഞു.
ഫര്‍ഹാസാണ് വാഹനമോടിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കാറിന്റെ മുന്‍ഭാഗത്താണ് ഫര്‍ഹാസ് ഇരുന്നതെന്നും ഈ ഭാഗം ഞെരിഞ്ഞമര്ന്നതുകൊണ്ടാണ് മകന് ഈ അവസ്ഥ വന്നതെന്നും സഫിയ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുമ്പള പോലീസ് സ്റ്റേഷന് ഉപരോധിച്ചു.കിലോമീറ്ററുകളോളം കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്നും പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ.കെ.എം അഷ്റഫ് എംഎല്‍എ പറഞ്ഞു. ഫര്‍ഹാസിന്റെ സഹോദരങ്ങള്‍: സാബിര്‍, ഫയാസ്, ഫൈസി, ഫിയനസ്.