പാറശാല: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചു വന്ന ജില്ലാപഞ്ചായത്ത് അംഗത്തിൽ നിന്നും പിഴ ഈടാക്കിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജില്ലാപഞ്ചായത്ത് അംഗത്തിന്റെ വക്കീൽ നോട്ടീസ്.പാറശാല ആർടി ഓഫീസിലെ വെഹിക്കിൾ ഇൻസ്പെക്ടറായ എം. അൻവറിനോട് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാറശാല ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ബെൻഡാർവിനാണ് വക്കീൽ നോട്ടീസ് അയച്ചത്.
കഴിഞ്ഞ മാസം പതിനാറാം തിയതി ഉച്ചക്ക് ശേഷം മൂന്നോടെ പാറശാലക്കു സമീപം മുണ്ടപ്ലാവിളയിൽ വെഹിക്കിൾ ഇൻസ്പെക്ടറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന ബെൻഡാർവിനെയും സുഹൃത്തിനെയും പിടികൂടി നൂറു രൂപ പിഴ ഈടാക്കിയിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് അംഗവും സുഹൃത്തും പൊതുജന മധ്യത്തിൽ ഇൻസ്പെക്ടറെ അസഭ്യം പറയുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ട്രാസ്പോർട് കമ്മീഷണറെ ഫോണിൽ വിളിച്ചു പാർട്ടിപ്രവർത്തകരെ കൊണ്ട് ഇൻസ്പെക്ടറെ തല്ലിക്കുമെന്നു പറയുകയും ചെയ്തിരുന്നു.
ഈ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ വെഹിക്കിൾ ഇൻസ്പെക്ടർ എം. അൻവർ പാറശാല സിഐക്കു പരാതി നല്കിയിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി കേസിൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലന്നും വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.