സ്വന്തംലേഖകൻ
തൃശൂർ: വാഹനങ്ങളുടെ അടുത്തു വന്ന് പരിശോധന നടത്തണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയെങ്കിലും പോലീസുകാർ ഇപ്പോഴും പരിശോധന പഴയ പടി തന്നെ തുടരുകയാണെന്ന് പരാതി ഉയരുന്നു. പോലീസ് ഓഫീസർമാർ വാഹനത്തിനടുത്തു വന്ന് പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ഇത്തരത്തിൽ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് നിയമസഭാ സമ്മേളനത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പരിശോധന ഇപ്പോഴും പഴയ പടി തുടരുകയാണ്.
വാഹനങ്ങൾ തടഞ്ഞു നിർത്തി രേഖകളുമായി പോലീസ് ജീപ്പിനടുത്ത് എസ്ഐമാരുടെ അടുത്തേക്ക് ചെല്ലണമെന്നാണ് ആജ്ഞ. മുഖ്യമന്ത്രി അങ്ങനെയല്ലല്ലോ പറഞ്ഞിരിക്കുന്നതെന്ന് എന്നു ചോദിച്ചാൽ പോലീസുകാർ തട്ടിക്കയറും. ഇതു മാത്രമല്ല കൂടുതൽ വകുപ്പുകൾ ചുമത്തി പിഴ ഈടാക്കുകയും ചെയ്യും. മുഖ്യമന്ത്രിക്ക് പലതും പറയാമെന്നാണ് ചില എസ്ഐമാരുടെ മറുപടി.
അശാസ്ത്രീയമായ രീതിയിൽ വാഹന പരിശോധന നടത്തുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ പരിശോധന നടത്താൻ പോലീസുകാർക്ക് ചട്ടങ്ങൾ നിർദ്ദേശിച്ച് ഡിജിപി വഴി ഉത്തരവിറക്കിയത്. എന്നാൽ പോലീസുകാർ ഇതുവരെ ഈ നിയമം പാലിച്ചിട്ടില്ല. ഉത്തരവ് വന്നയുടൻ കുറച്ചു നാളത്തേക്ക് പരിശോധന തന്നെ പേരിനു മാത്രം നടത്തി ഇതിനെ തള്ളിപ്പറയുകയായിരുന്നു. ഇപ്പോൾ വീണ്ടും റോഡിൽ പരിശോധന നടത്താൻ പോലീസുകാർ സജീവമായതോടെയാണ് മുഖ്യമന്ത്രിയുടെ ഉത്തരവിനെ ചൊല്ലി പോലീസുകാരുമായി തർക്കം ആരംഭിച്ചിരിക്കുന്നത്.
പോലീസുകാർക്കു പുറമേ ഹോംഗാർഡുകളും വാഹന പരിശോധനയുടെ പേരിൽ അക്രമങ്ങൾ കാണിക്കുന്നതും കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകുകയാണ്. കുറച്ചു നാളുകൾക്കു മുന്പ് ഹോം ഗാർഡ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ താക്കോൽ ഉൗരിയെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവമുണ്ടായി. ഹോംഗാർഡുകൾക്ക് ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന് താക്കോൽ ഉൗരിയെടുക്കാനോ നടപടിയെടുക്കാനോ അധികാരമില്ലെങ്കിലും ഇത്തരം പരിപാടികൾ ചെയ്യുന്നവർക്കെതിരെ ഒരു നടപടിയും പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
എസ്ഐമാർ തന്നെ വഴി വിട്ട രീതിയിൽ വാഹനങ്ങളിൽ നിന്ന് താക്കോൽ ഉൗരിയെടുക്കുന്നതിനെതിരെയും വ്യാപകമായ പരാതികളാണുയരുന്നത്. കഴിഞ്ഞ ദിവസം മന്ത്രി പി.തിലോത്തമന്റെ മകന്റെ ബൈക്കിന്റെ താക്കോൽ വരെ ഉൗരിയെടുത്ത സംഭവം ഏറെ വിവാദമായിരിക്കയാണ്. ഒടുവിൽ മന്ത്രി തന്നെ ചേർത്തല അർത്തുങ്കൽ എസ്ഐക്കെതിരെ നേരിട്ട് ഡിജിപിക്ക് പരാതി നൽകിയതോടെ പോലീസുകാർ വീട്ടിലെത്തി താക്കോൽ തിരിച്ചു നൽകി. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ പരാതികൾ പോലീസുകാർ അടിച്ചമർത്തി അവരെ വട്ടം ചുറ്റിക്കുന്ന സംഭവങ്ങൾ നിരവധിയാണ്.
ഹെൽമറ്റ് ധരിച്ചില്ലെന്ന നിസാര സംഭവങ്ങൾക്കു പോലും ബൈക്കിന്റെ താക്കോൽ ഉൗരിയെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി ദിവസങ്ങളോളം ചുറ്റിച്ച സംഭവങ്ങൾ തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഉണ്ടാകുന്നുണ്ട്. മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടു പോലും അനുസരിക്കാത്ത പോലീസുകാർ ഇത്തരം പ്രാകൃത നടപടികൾ തുടർന്നാൽ രംഗത്തിറങ്ങേണ്ടി വരുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. ആദ്യം മുഖ്യമന്ത്രിയും ഡിജിപിയും പറഞ്ഞ നിയമം പാലിക്കാൻ പോലീസുകാർ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പോലീസുകാരെ അനുസരണം പഠിപ്പിക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തയാറെടുക്കുകയാണ് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകർ.
മാസങ്ങൾക്കു മുന്പ് മണ്ണുത്തിക്കടുത്ത് വെട്ടിക്കലിൽ ദേശീയ പാതയിൽ ഹെൽമറ്റ് പരിശോധനക്കിടെ പോലീസ് കൈകാട്ടിയപ്പോൾ ബൈക്ക് മറിഞ്ഞ് ഭാര്യ മരിച്ച സംഭവം വിവാദമായതോടെ പരിശോധന സംബന്ധിച്ച് നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉന്നത പോലീസ് ഓഫീസർമാർ ശ്രദ്ധിച്ചിരുന്നു. പരിശോധിക്കുന്ന സ്ഥലവും സമയവുമൊക്കെ കണ്ട്രോൾ റൂമിലും ബന്ധപ്പെട്ടവരെയും അറിയിച്ചു മാത്രമേ നടത്താവൂവെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ അത്തരം കാര്യങ്ങളൊക്കെ മറന്ന് വീണ്ടും എല്ലാം പഴയ പടിയായെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.