കോഴിക്കോട്: മേട്ടോര്‍ വാഹനവകുപ്പിന്റെ കോഴിക്കോട്, കൊടുവള്ളി, നന്മണ്ട, റിജണല്‍ ഓഫീസുകളുടെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ഒരുവര്‍ഷത്തിനിടെ മദ്യപിച്ച് വാഹനമോടിച്ചതിന് ലൈസന്‍സ് പോയത് 424 പേര്‍ക്ക്.
യാത്രക്കിടെ ഫോണില്‍ സംസാരിച്ചതിന് 211 പേരുടെയും അശ്രദ്ധമായി വാനമോടിച്ച് അപകടം വരുത്തിയതിന് 887 പേരുടെയും ലൈസന്‍സ് റദ്ദാക്കി. 19,798 കേസുകളിലായി 1, 89,09,830 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച 3259 പേര്‍ക്കെതിരേ നടപടി എടുത്തു.
ഫാന്‍സി ലൈറ്റുകള്‍ ഉപയോഗിച്ചതിന് 182 വാഹനങ്ങള്‍ക്കെതിരേയും ബ്രേക്ക് ലൈറ്റ്, ഹെഡ് ലൈറ്റ്, വൈപ്പര്‍ തുടങ്ങിയവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. അപകടകരമായി വാഹനമോടിച്ച് 230 പേരില്‍ നിന്നും അമിതഭാരം കയറ്റിയ 270 ചരക്കുലോറികളില്‍ നിന്നും പിഴ ഈടാക്കി.
ടൂറിസ്റ്റ് ബസുകളിലെ അമിത ശബ്ദമുള്ള മ്യൂസിക് സിസ്റ്റം അഴിപ്പിച്ചു.ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് സര്‍വീസ് നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിച്ചു. പരസ്യം പതിപ്പിക്കാന്‍ അനുവാദം വാങ്ങാതെ സര്‍വീസ് നടത്തിയ 13 വാഹനങ്ങള്‍ പിടികൂടി.
എയര്‍ഹോണ്‍ ഘടിപ്പിച്ച 93 വാഹനങ്ങളും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത ടിപ്പര്‍ ലോറികളും ബസുകളും ഉള്‍പ്പെടെ 120 വാഹനങ്ങള്‍ക്കെതിരേ നടപടി എടുത്തു.
റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം.പി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ നന്മണ്ട. ജോ.ആര്‍ടിഒ കെ.പി.ദിലീപ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടള്മാരായ കെ.ദിലീപ് കുമാര്‍, പി.പി.രാജന്,കെ.ജെ.ജയിംസ്, ഇ.എസ്.ബിജോയ്, ഫ്രാന്‍സിസ്, എം.ജി.ഗിരീഷ്, ടി.ഫൈസല്‍, എന്നിവരും 15-ഓളം അസി. മേട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. പുതുവര്‍ഷത്തിലും കര്‍ശനപരിശോധന തുടരുമെന്ന് ഓഫീസര്‍ എം.പി.സുഭാഷ് ബാബു അറിയിച്ചു.