കെ.ഷിന്റുലാല്‍
കോഴിക്കോട് : കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസിന്റെ കള്ളക്കളി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും പോലീസുകാര്‍ “കള്ളക്കേസ് ‘ എടുത്ത് പിഴ ഈടാക്കുന്ന അവസ്ഥയാണുള്ളത്.
ക്വാട്ട തികയ്ക്കാൻ വകുപ്പുകൾ മാറ്റി പോലീസ്
നിയമലംഘനത്തിന്റെ വകുപ്പുകള്‍ മാറ്റിയാണ് മേലുദ്യോഗസ്ഥര്‍ നിഷ്കര്‍ഷിച്ച ക്വാട്ട പോലീസുകാര്‍ തികയ്ക്കുന്നത്. 2020 ലെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് (കെഡോ) സെക്ഷന്‍ 4 പ്രകാരം പകര്‍ച്ച വ്യാധി പടരുന്നത് തടയുകയെന്ന വകുപ്പ് പ്രകാരമാണ് പോലീസ് പിഴ ഈടാക്കേണ്ടത്.
മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങി നിയമലംഘനങ്ങള്‍ക്കാണ് സാധാരണ പിഴ ഈടാക്കുന്നത്. കോവിഡിന്റെ രണ്ടാംവരവോടെ പോലീസ്-ആരോഗ്യവകുപ്പ് പരിശോധന ഭയന്ന് ജനങ്ങള്‍ മാസ്ക് കൃതമായി ധരിക്കാന്‍ തുടങ്ങി. പിഴ ഈടാക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പോലീസിന് വീണ്ടും സമ്മർദമേറി.
കേസിനെ കള്ളക്കേസാക്കി പിഴ ഈടാക്കുന്ന വിദ്യ
ഈ സാഹചര്യത്തിലാണ് മോട്ടോര്‍വാഹന നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ കൂടി കെഡോ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കോഴിക്കോട് സിറ്റിയിലും തൃശൂരിലും എറണാകുളത്തുമെല്ലാം ഇത്തരത്തില്‍ കേസുകള്‍ മാറ്റി കള്ളക്കേസായി പിഴ ഈടാക്കുന്നുണ്ട്.
ഹെല്‍മെറ്റ് ധരിക്കാതെ എത്തുന്നയാളില്നിന്ന് 500 രൂപ പിഴ ഈടാക്കും. തുടര്‍ന്ന് നല്കുന്ന രസീതില്‍ അവ്യക്തമായ രീതിയില്‍ നിയമലംഘനത്തിന്റെ വകുപ്പുകള്‍ മാത്രമെഴുതി നല്‍കും. പിഴ ഈടാക്കുന്നയാള് എംവി ആക്ട് പ്രകാരമുള്ള കേസാണെന്നാണ് കരുതുന്നത്. അതേസമയം നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കുന്നതെന്നും അത് എന്തിനാണെന്നതില്‍ പ്രസക്തിയില്ലെന്നുമാണ് പോലീസുകാരുടെ വാദം.
കെഡോയുടെ എണ്ണം കുറഞ്ഞാൽ സാട്ടയിൽ പണികിട്ടും
രാവിലെ മുതല്‍ കെഡോ കേസുകള്‍ കണ്ടെത്തുന്നതിനാണ് പോലീസുകാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എണ്ണം കുറഞ്ഞാല്‍ അടുത്ത ദിവസം രാവിലെ പ്രതിദിന അവലോകനത്തില്‍ (സാട്ട) സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ വയര്‍ലെസ് വഴിയുള്ള അധിക്ഷേപത്തിന് ഇരയാകേണ്ടതായി വരും.
എസ്എച്ച്ഒമാര്‍ക്ക് കേള്‍ക്കേണ്ടി വരുന്ന അധിക്ഷേപത്തിന് അവര്‍ താഴേതട്ടിലുള്ള പോലീസുകാരോടാണ് പ്രതിഷേധം അറിയിക്കുക. ഇത് ഒഴിവാക്കുന്നതിനാണ് “കള്ളക്കേസ്’ എടുക്കുന്നത്.
കോവിഡ് മാനദണ്ഡലംഘനത്തിന് മുൻഗണന
മാസ്ക്, സമൂഹിക അകലം തുടങ്ങി കോവിഡ് മാനദണ്ഡം ലംഘിച്ചതുമായി ബന്ധപ്പെട്ട് പരമാവധി കേസുകള്‍ പിടികൂടണമെന്നാണ് പോലീസുകാര്‍ക്ക് ലഭിച്ച നിര്‍ദേശം. കോവിഡ് രണ്ടാംഘട്ടം അതിതീവ്രമായ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ മാനദണ്ഡം ലംഘിച്ചുള്ള മാസ്ക് ഉപയോഗവും മറ്റു ബന്ധപ്പെട്ടുള്ള കേസുകളും രജിസ്റ്റര്‍ ചെയ്യുന്നത് കുറവായിരുന്നു.
ക്വാട്ട തിരിച്ച് നടപടി
എന്നാല്‍ ജില്ലാ പോലീസ് മേധാവിമാരും ക്രമസമാധാന ചുമതല വഹിക്കുന്ന ഡിസിപിമാരും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചതോടെ പോലീസിന് മേല്‍ സമ്മര്‍ദമായി.പല സ്റ്റേഷനുകളിലേക്കും ക്വാട്ട തിരിച്ച് നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവും വന്നു. ശരാശരി 100 ഉം 150 ഉം 200 ഉം എണ്ണം വരെ ക്വാട്ടയായി നിശ്ചയിച്ചു നല്കി.
ഇതോടെ നിരത്തിലിറങ്ങുന്ന പോലീസുകാര്‍ ഓരോരുത്തരും നിശ്ചിത കേസുകള്‍ പിടികൂടണമെന്ന നിര്‍ദേശവും എത്തി. തുടര്‍ന്ന് പോലീസുകാര്‍ മാസ്ക് താഴുന്നുണ്ടോയെന്ന് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതായി വന്നു.എന്നിട്ടും പിടികൂടുന്നവരുടെ എണ്ണം കൂട്ടാന്‍ സാധിക്കാതെയായി.
തുടര്‍ന്നാണ് മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവരെ കൂടി കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ നടപടി സ്വീകരിക്കാന്‍ തുടങ്ങിയത്. കെഡോ കേസിന് പുറമേ മറ്റു കേസുകളുമായി ബന്ധപ്പെട്ടും നിര്‍ബന്ധമായും പിഴ ഈടാക്കേണ്ടതായുണ്ട്. പിഒഎസ് മെഷീന് വഴിയാണ് ഇവ ഇടാക്കുന്നത്.
കേന്ദ്രീകൃത സംവിധാനമായതിനാല്‍ മെഷീന് വഴിയുള്ള കേസുകളുടെ എണ്ണം കുറയുന്നതും ഗൗരവകരമാണ്. അതിനാല്‍ ഇപ്പോള്‍ വൈകിട്ട് ഇത്തരം കേസുകളും പിടികൂടി ക്വാട്ട തികയ്കേണ്ട അവസ്ഥയിലാണ് പോലീസ്. ഇതോടെ പോലീസുകാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.