തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വാഹന പരിശോധന നടത്താൻ ഒരു സംഘടനക്കും അനുവാദമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട്ട് പോലീസിനൊപ്പം ചേർന്ന് വാഹന സേവാഭാരതി പ്രവർത്തകർ പരിശോധന നടത്തിയ കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്ന് ഇങ്ങനെ പ്രവർത്തിക്കാൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നാട്ടിൽ സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. സർക്കാർ തന്നെ അവരെ ക്ഷണിച്ച് സന്നദ്ധസേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്ക് മാത്രമാണ് ഇതിനോടൊപ്പം പ്രവർത്തിക്കാനുള്ള അനുമതി.
പോലീസ് വിവിധ സ്ഥലങ്ങളിൽ സേനയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള വൊളന്റിയർമാരെ കഴിഞ്ഞ തവണയും നിയോഗിച്ചിട്ടുണ്ട്.
അത് ഏതെങ്കിലും സന്നദ്ധ സേനയിൽ പെട്ടവരല്ല. സമൂഹത്തിൽ നിന്ന് സന്നദ്ധരായി മുന്നോട്ട് വരുന്നവരാണ്. അവർക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സംഘടനകളുമായി ബന്ധമോ ഉണ്ടെങ്കിൽ, അതൊന്നും പ്രദർശിപ്പിച്ച് കൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കാളിത്തം വഹിക്കാനാവില്ല.അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ല-മുഖ്യമന്ത്രി പറഞ്ഞു.