തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ സംസ്ഥാനത്ത് ഇന്നു മുതൽ വാഹന പരിശോധന കർശനമാക്കാൻ മോട്ടോർവാഹന വകുപ്പിനു നിർദേശം നൽകി. സിസിടിവികളിൽ പതിയുന്ന ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കാനാണു നിർദേശം.
ഇതോടൊപ്പം മോട്ടോർ വാഹന സ്ക്വാഡുകളും റോഡുകളിൽ പരിശോധന നടത്തും. നിയമ ലംഘനങ്ങൾ സംബന്ധിച്ച വിവരം കോടതികൾക്കു കൈമാറും. പിഴത്തുക കോടതി തീരുമാനിക്കട്ടെയെന്നാണു സർക്കാർ നിലപാട്.
മോട്ടോർ വാഹന ഭേദഗതി നിലവിൽ വന്ന ശേഷം ഉയർന്ന പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ വാഹന പരിശോധന നിർത്തിവച്ചിരുന്നു. ഇതു കൂടുതൽ അപകടങ്ങൾക്കും ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ എണ്ണം കൂടാനും കാരണമായെന്ന ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണു പരിശോധന ശക്തമാക്കാൻ ഗതാഗത സെക്രട്ടറിയും കമ്മീഷണറും നിർദേശം നൽകിയത്.
അതിനിടെ, മോട്ടോർ വാഹന ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയർന്ന പിഴ സംസ്ഥാനത്തു കുറയ്ക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ ഉന്നതതല യോഗം ചേരും. നാളെ രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ ഗതാഗത- നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇതു സംബന്ധിച്ചു വിജ്ഞാപനം ഇറക്കിയ സംസ്ഥാനങ്ങളുടെ മാതൃകകളും കേരളം ആലോചിക്കും. മണിപ്പൂരും കർണാടകയുമാണു മോട്ടോർ വാഹന ഭേദഗതിയുമായി ബന്ധപ്പെട്ടു വിജ്ഞാപനം ഇറക്കിയത്. കേന്ദ്രത്തിന്റെ പിഴത്തുകയിൽ 50 ശതമാനം കുറച്ചാണു മണിപ്പൂർ വിജ്ഞാപനം ഇറക്കിയത്. ഇതേ മാതൃകയാണ് കേരളം ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ യോഗത്തിൽ ഇക്കാര്യം ആലോചിക്കും.
എന്നാൽ, കേന്ദ്ര മോട്ടോർ വാഹന ഭേദഗതിയിൽ കൃത്യമായി നിശ്ചയിച്ച പിഴയിൽ സംസ്ഥാനത്തിനു വെട്ടിക്കുറയ്ക്കാൻ കഴിയില്ലെന്നാണു നിയമ സെക്രട്ടറി, ഗതാഗത വകുപ്പിനു നൽകിയ നിയമോപദേശത്തിൽ പറയുന്നത്. എന്നാൽ, മിനിമവും പരമാവധിയും പിഴത്തുക നിശ്ചയിക്കുന്ന കാര്യത്തിൽ കോംപൗണ്ട് ചെയ്യാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു. ഉദാഹരണത്തിന് സെക്ഷൻ 183 (1) പ്രകാ രം അമിത വേഗത്തിലുള്ള ഡ്രൈവിംഗിന് 1000 മുതൽ 2000 രൂപ വരെ പിഴ ഈടാക്കാം. സംസ്ഥാനത്തിന് ഇത് 1000 രൂപയാക്കി നിജപ്പെടുത്താം.
എന്നാൽ, ഹെൽമറ്റിനും സീറ്റ് ബെൽറ്റിനും 1000 രൂപ നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ ഇതു കുറയ്ക്കുന്നതു നിയമ ലംഘനമാകുമെന്നും നിയമോപദേശത്തിൽ പറയുന്നു. 14 വയസിൽ താഴെയുള്ള കുട്ടികളെ വാഹനത്തിൽ സുരക്ഷിതമല്ലാതെ കൊണ്ടുപോയാൽ 1000 രൂപ പിഴ ഈടാക്കാനാകും. ഇതിലും എങ്ങനെ മാറ്റം വരുത്താമെന്നും ആലോചിക്കും.
എന്നാൽ, 50 ശതമാനം പിഴത്തുക കുറച്ച മണിപ്പൂർ മാതൃകയിലെ നിയമവശം പഠിച്ചു നടപ്പാക്കാനുള്ള സംവിധാനത്തെക്കുറിച്ചാകും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ചർച്ച നടത്തുക. ഉയർന്ന പിഴത്തുക കുറയ്ക്കാൻ നേരത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കേന്ദ്ര നിർദേശം വന്നശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാം എന്നറിയിച്ച് യോഗം പിരിയുകയായിരുന്നു.