കൊച്ചി: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിടികൂടാന്‍ പോലീസും മറ്റ് ഉദ്യോഗസ്ഥരും വാഹനത്തിനു പിന്നാലെ പായരുതെന്നു ഹൈക്കോടതി നിര്‍ദേശം. ഇത്തരം ഹോട്ട് ചേസിംഗ് യാത്രക്കാരെയും ഉദ്യോഗസ്ഥരെയും അപകടത്തിലാക്കും. സാഹസികമായ ഇത്തരം പ്രവൃത്തികളിലൂടെ നിരവധി പേര് റോഡുകളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതിനു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഡിജിറ്റല്‍ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈല്‍ ഫോണ്‍ കാമറ, ഹാന്‍ഡി ക്യാം തുടങ്ങിയവ ഉപയോഗിച്ചു വാഹന പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചു. ഇവ ഉപയോഗിച്ചാല്‍ പഴുതില്ലാത്ത തെളിവുകളിലൂടെ നിയമനടപടിക്ക് അവസരം ഒരുക്കാം. ഹെല്‍മറ്റ് ധരിക്കാതെയും നിയന്ത്രണമില്ലാതെയും ഓടിക്കുന്ന ഇരുചക്രവാഹനങ്ങൾ നിർത്താന്‍ ആവശ്യപ്പെട്ടിട്ടും പാലിച്ചില്ലെങ്കില്‍ വാഹന രജിസ്ട്രേഷന് നമ്പര്‍ വയര്‍ലെസിലൂടെ കൈമാറിയും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ഇവരെ കണ്ടെത്താന്‍ കഴിയും.
ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഇത്തരം വാഹനങ്ങളുടെ വേഗം കുറയ്ക്കാനും കഴിയും. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ ഗതാഗത കുറ്റകൃത്യങ്ങള്‍ പിടികൂടാനുള്ള ചെക്കിംഗ് നടത്താവൂ എന്ന 2012 മാര്‍ച്ച് മൂന്നിലെ ഡിജിപിയുടെ സര്‍ക്കുലര്‍ കര്‍ശനമായി പാലിക്കണം. യാത്രക്കാരെ അമ്പരപ്പിച്ചു പിടികൂടുക എന്നതല്ല, സുരക്ഷാ ശീലങ്ങള്‍ ഇവരെ പഠിപ്പിക്കുകയെന്നതാണ് ഇത്തരം പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.
ഡ്രൈവര്‍മാര്‍ നിർത്തുമെന്ന മുന്‍വിധിയോടെ ട്രാഫിക് ഉദ്യോഗസ്ഥര്‍ റോഡിന്റെ മധ്യത്തിലേക്ക് എടുത്തു ചാടരുത്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ഇതിനായി 2012 ല്‍ ഡിജിപിയുടെ സര്‍ക്കുലര്‍ ഉണ്ടെങ്കിലും കടലാസിലുറങ്ങുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മലപ്പുറം രണ്ടത്താണി ദേശീയപാതയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ബൈക്കിടിച്ചു വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഫ് ലിഹ് നല്കിയ ജാമ്യാപേക്ഷ അനുവദിച്ചാണു ഹൈക്കോടതി നിരീക്ഷണം. ഹര്‍ജി പരിഗണിക്കവേ ട്രാഫിക് കുറ്റങ്ങള്‍ പിടികൂടാന്‍ പോലീസും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും സ്വീകരിക്കുന്ന പഴഞ്ചന്‍ രീതികളാണ് അപകടത്തിനു കാരണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒക്ടോബര്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. മുഫ് ലിഹ് ഹെല്‍മറ്റ് ധരിക്കാതെ ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിർത്താന്‍ കൈ കാണിച്ചെങ്കിലും അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാണ് കേസ്. നിയന്ത്രണം വിട്ട ബൈക്ക് എതിരേ വന്ന കാറിലിടിച്ചു ഹര്‍ജിക്കാരനും സുഹൃത്തും റോഡില്‍ വീണു പരിക്കേറ്റെന്നും എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു. ബൈക്ക് നിർത്താന്‍ ശ്രമിക്കുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഹാന്‍ഡിലില്‍ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നു ഹര്ജിക്കാരന് വാദിച്ചു.