കോഴിക്കോട്: പൊതുജനങ്ങള്‍ക്കു ജീവിക്കാനുള്ള സുരക്ഷ ഒരുക്കുന്നതിനൊപ്പം അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഭക്ഷ്യവസ്തുക്കളുടെ പരിശോധനയും ഇനി പോലീസ് കര്‍ശനമാക്കുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്നതു പോലെയുള്ള പരിശോധന ഊര്‍ജ്ജിതമാക്കാനാണ് പോലീസ് തീരുമാനം.
സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും മറ്റും വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ പരിശോധനയും നിയമനടപടികളും ശക്തമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി. ജില്ലാ ക്രൈം ബ്രാഞ്ചിനെയാണ് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ പരിശോധന കര്‍ശനമാക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക് വഴിയാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്.
പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ കാലാവധി കഴിഞ്ഞശേഷം പുതിയ തീയതി രേഖപ്പെടുത്തി വില്‍ക്കുന്നുണ്ടെന്ന് പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പനങ്ങാട് പോലീസാണ് ഇതുസംബന്ധിച്ചു കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും പരിശോധന നടത്താന്‍ ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം പരിശോധനയുടെ പേരില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും ഇത്തരം പരിശോധനകള്‍ നടത്തുക. നേരത്തെ ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പ് അധികൃതരുമായിരുന്നു ഇത്തരത്തില്‍ പരിശോധന നടത്തിയിരുന്നത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓരോ ജില്ലയിലേയും അസി.കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണു പരിശോധന നടത്താറുള്ളത്. ഇതിനു പുറമേ ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധനയും നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള പരിശോധനയ്ക്കു പോലീസ് സഹായം തേടുക പതിവാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്കു പുറമേ ആരോഗ്യവകുപ്പും പരിശോധന നടത്താറുണ്ട്.
ഹോട്ടലുകളളിലും റസ്റ്റോറന്റുകളിലും പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങള്‍ പല ദിവസങ്ങളിലും പിടികൂടാറുണ്ട്. ആരോഗ്യവകുപ്പിനും ഇത്തരത്തിലുള്ള പരിശോധനയ്ക്കു പോലീസ് സഹായം നല്‍കുന്നുണ്ട്. ഈ പരിശോധനകള്‍ക്കെല്ലാം പുറമേയാണു ജില്ലാ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.