കോഴിക്കോട്: ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഒരാഴ്ച പൂര്‍ത്തിയായപ്പോള്‍ മോട്ടോര്‍വാഹനവകുപ്പ് രജിസ്റ്റര്‍ ചെയ്തത് 640 കേസുകള്‍. കോഴിക്കോട് സിറ്റിയിലും ഗ്രാമപ്രദേശങ്ങളിലുമായി മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചത്. പിഴയിനത്തില്‍ ഇവരില്‍ നിന്നായി 305000 രൂപ ഈടാക്കിയതായി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എം. ഷബീര്‍ അറിയിച്ചു.
നഗരപരിധിയില്‍ പിന്‍സീറ്റ് യാത്രക്കാരില്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെ ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. അതേസമയം റൂറല്‍ പരിധിയില്‍ ഹെല്‍മെറ്റ് ഉപയോഗം കുറവാണ്. 25 ശതമാനം യാത്രക്കാര്‍ മാത്രമേ ഹെല്‍മെറ്റ് ഉപയോഗിക്കുന്നുള്ളൂവെന്നാണ് കണ്ടെത്തല്‍.
രാവിലെ മുതല്‍ വൈകിട്ട് വരെ എല്ലാദിവസവും മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനിച്ചത്. ഇതുവരെ 335 പേര്‍ക്കെതിരേയാണ് പിന്‍സീറ്റില്‍ യാത്രചെയ്യുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനെതിരേ പിഴ ഈടാക്കിയത്.
305 പേര് വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചിട്ടില്ല. അതേസമയം വാഹനപരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ആദ്യദിനത്തേക്കാള്‍ കുറവാണ് പിന്നീടുള്ള ദിവസങ്ങളില്‍ പിഴ ഈടാക്കിയത്. നിയമമനുസരിച്ച് യാത്രചെയ്യാന്‍ പൊതുജനങ്ങള്‍ തയാറാവുന്നുണ്ടെന്നാണ് പിഴ ഇനത്തിലെ കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ആദ്യദിനത്തില്‍ പിഴയിനത്തില്‍ ഈടാക്കിയത് 35,000 രൂപയായിരുന്നു. 91 കേസുകളാണ് കോഴിക്കോട് സിറ്റിയിലും റൂറല്‍ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 66 കേസുകള്‍ ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതുമായി ബന്ധപ്പെട്ടാണ്. 22 കേസുകള്‍ പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിച്ചതിനായിരുന്നു.
പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാതെ യാത്രചെയ്താല്‍ 500 രൂപയാണ് പിഴ . ഇത് വാഹനത്തിന്റെ ഉടമയില്‍നിന്നാണ് ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയാക്കും. ഹെല്‍മെറ്റില്ലാതെ രണ്ടുപേര്‍ യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടു നിയമലംഘനങ്ങളായി കണക്കാക്കി 1000 രൂപ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇരചക്രവാഹനങ്ങളില് പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാലുവയസിന് മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാര്‍ ബിഐഎസ് അംഗീകൃത ഹെല്‍മെറ്റ് ധരിക്കണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചത്.